സ്ത്രീധന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ലിംഗ അസമത്വത്തിനുമെതിരെ ദൃശ്യ സംഗീതാവിഷ്‌കാരവുമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍

കാസറഗോഡ്: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ലിംഗ അസമത്വത്തിനുമെതിരെ ദൃശ്യ സംഗീതാവിഷ്‌കാരവുമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ ദൃശ്യ സംഗീതാവിഷ്‌കാരമൊരുക്കിയത്. സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ രംഗ ശ്രീ കലാകാരികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചത്.ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് തങ്ങളുടെ പ്രകടനം കാഴ്ചവെച്ചത്. കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ‘പാടുക ജീവിതഗാഥകള്‍’ സംഗീതശില്പത്തിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്തു കൊണ്ടും സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആഹ്വാനം ചെയ്തും കൊണ്ടുമാണ് കലാജാഥ ആരംഭിക്കുന്നത്. റഫീഖ് മംഗലശേരിയും കരിവെള്ളൂര്‍ മുരളിയും ചേര്‍ന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത ‘പെണ്‍ കാലം, സുധി ദേവയാനി രചിച്ച് ശ്രീജ ആറങ്ങോട്ടുകര സംവിധാനം ചെയ്ത ‘അത് ഞാന്‍ തന്നെയാണ് ‘ എന്നീ രണ്ട് നാടകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അസമത്വങ്ങളും ചര്‍ച്ചചെയ്യുന്നു. കലാജാഥയുടെ പരിശീലകന്‍ ഉദയന്‍ കുണ്ടംകുഴിയും ജാഥാ ക്യാപ്റ്റന്‍ നിഷാ മാത്യുവുമാണ്. രംഗശ്രീ അംഗങ്ങളായ ഭാഗീരഥി, ചിത്ര, സില്‍ന, സുമതി, സിന്ധു, അജിഷ, രജിഷ, ലത, ദീപ, ബിന്ദു, ബീന എന്നിവരാണ് കലാജാഥയില്‍ പരിപാടികള്‍ അവതരിപ്പിച്ചത്.

Leave Comment