സ്വകാര്യ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും: ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി

Spread the love

പൊതുജന താല്‍പര്യം പരിഗണിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എംസിയുടെ നിയന്ത്രണത്തില്‍ അഞ്ച് ആംബുലന്‍സുകളാണ് സേവനം നല്‍കി വരുന്നത്. ഇതില്‍ രണ്ട് 108 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നല്‍കുന്നത്. മറ്റ് മൂന്ന് ആംബുലന്‍സുകള്‍ സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്നു

കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗികളെ എത്തിക്കുന്നതിന് സൗജന്യ നിരക്കില്‍ സേവനം നല്‍കുന്ന ആംബുലന്‍സുകള്‍ 1600 മുതല്‍ 2200 രൂപ വരെ ഈടാക്കുമ്പോള്‍ സ്വകാര്യ ആംബുലന്‍സുകള്‍ നാലായിരം രൂപയ്ക്ക് മുകളിലാണ് ചാര്‍ജ് ഈടാക്കുന്നത്. ജനറല്‍ ആശുപത്രി വളപ്പില്‍ അഞ്ച് ആംബുലന്‍സുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമാണ്. സര്‍ക്കാര്‍ ആംബുലന്‍സുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാത്ത രോഗികളെയും, ബന്ധുക്കളെയും ചില ജീവനക്കാരുടെ സഹായത്തോടെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് എച്ച്.എം.സി യില്‍ വിമര്‍ശനമുയര്‍ന്നു. ആശുപത്രി വളപ്പിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്വകാര്യ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നത്.

രോഗികളെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുമ്പോള്‍ തന്നെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആശുപത്രിയിലേക്കെത്തി ചില ജീവനക്കാരുടെ സഹായത്തോടെ രോഗികളുടെ ബന്ധുക്കളെ ക്യാന്‍വാസ് ചെയ്ത് ഓട്ടം തരപ്പെടുത്തുന്ന രീതിയാണുള്ളത്. എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ ജനറല്‍ ആശുപത്രിയിലെത്തി മുന്നറിയിപ്പില്ലാതെ പരിശോധന നടത്തി. ലോഗ് ബുക്കുകളും, മൂവ്മെന്റ് രജിസ്റ്ററുകളും നഗരസഭാ ചെയര്‍മാന്‍ പരിശോധിച്ചു. മൂവ്മെന്റ് രജിസ്റ്റര്‍ ഫെബ്രുവരി മാസത്തിനുശേഷം എഴുതിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ജനറല്‍ ആശുപത്രിയില്‍ നിന്ന് മെയ് മാസം അഞ്ചാം തീയതി റഫര്‍ ചെയ്ത ഒട്ടുമിക്ക രോഗികളെയും സ്വകാര്യ ആംബുലന്‍സ് സേവനം ഉപയോഗിച്ചാണ് കൊണ്ടുപോയതെന്നും പരിശോധനയില്‍ വ്യക്തമായി. ഇതേതുടര്‍ന്നാണ് എച്ച്.എം.സി യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തത്. ആശുപത്രി വളപ്പിനോട് ചേര്‍ന്ന് സ്വകാര്യ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ പോലീസ്, വാഹന വകുപ്പുകള്‍ക്ക് കത്ത് നല്‍കാന്‍ എച്ച്.എം.സി യോഗം തീരുമാനിച്ചു. എച്ച്.എം.സി യുടെ ചുമതലയിലുള്ള ആംബുലന്‍സുകളുടെസേവനം മതിയാകാതെ വന്നാല്‍ മാത്രം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണമെന്നും അതിനുള്ള പൂര്‍ണമായ ഉത്തരവാദിത്വം അത്യാഹിതവിഭാഗത്തില്‍ ചുമതലയുള്ള ജീവനക്കാര്‍ക്ക് ആയിരിക്കുമെന്നും എച്ച്.എം.സി തീരുമാനമെടുത്തു.

ജനറല്‍ ആശുപത്രി വളപ്പില്‍ കോഫി വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും പുതിയ ക്യാന്റീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. എച്ച്.എം.സി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിച്ചു. താല്‍ക്കാലിക ജീവനക്കാരുടെ ഇ.എസ്.ഐ തുക എച്ച്.എം.സി ഫണ്ടില്‍നിന്ന് ഒടുക്കു വരുത്തുന്നതിനും യോഗം തീരുമാനിച്ചു.

നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ എച്ച്.എം.സി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്.എം.സി അംഗങ്ങളായ ജെറി അലക്സ്, ആമിന ഹൈദരാലി, ഇന്ദിരാമണിയമ്മ, സിന്ധു അനില്‍, പി.കെ.ജേക്കബ്, അമൃതം ഗോകുലന്‍, സുമേഷ് ഐശ്വര്യ, റെനീസ് മുഹമ്മദ്, വി. ഷാഹുല്‍ ഹമീദ്, അന്‍സാരി എസ് അസീസ്, സുമേഷ് ബാബു, ഡോ. ഗംഗാധരന്‍ പിള്ള, പ്രകാശ്, അഡ്വ.വര്‍ഗീസ് മുളയ്ക്കല്‍, റിജിന്‍, പൊന്നമ്മ ശശി, എം.ജെ.രവി, ആര്‍.എം.ഒ ആശിഷ് മോഹന്‍ കുമാര്‍, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *