ഇസാഫ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 106 കോടി. വർദ്ധന 144 ശതമാനം

Spread the love

കൊച്ചി: മികച്ച പാദവാർഷിക അറ്റാദയ നേട്ടവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇസാഫ് 105.60 കോടി രൂപ അറ്റാദായം നേടി. 143.93 ശതമാനമാണ് വാർഷിക വളർച്ച രേഖപ്പെടുത്തിയത്. മുന് വർഷം ഇതേപാദത്തിൽ അറ്റാദായം 43.29 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവർത്തന ലാഭം 174.99 ശതമാനം വർധിച്ച് 158.09 കോടി രൂപയിലെത്തി. മുന് വർഷം ഇതേകാലയളവിൽ 57.49 കോടി രൂപയായിരുന്നു. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം 17.96 ശതമാനം വർധിച്ച് 491.84 കോടി രൂപയായി. മുൻ വർഷം 416.98 കോടി രൂപയായിരുന്നു ഇത്.

8999 കോടി രൂപയായിരുന്ന നിക്ഷേപങ്ങൾ 42.40 ശതമാനം വർധിച്ച് 12,815 കോടി രൂപയായി. 2927 കോടി രൂപയാണ് കാസ നിക്ഷേപം. 67.45 ശതമാനത്തിന്റെ വർധനവുണ്ടായി. കാസ-നിക്ഷേപ അനുപാതം 22.84 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു. വായ്പാ വിതരണം 44.15 ശതമാനം വർധിച്ച് 12,131 കോടി രൂപയിലെത്തി. മുന് വർഷം 8415 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 17425 കോടി രൂപയിൽ നിന്നും 44.36 ശതമാനം വർധിച്ച് 25,156 കോടി രൂപയായി.

വിപണിയിൽ പല പ്രതിസന്ധികളുണ്ടായെങ്കിലും സാമ്പത്തിക വർഷം പൊതുവിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്ന് ഇസാഫ് സ്മോൾ ഫിനാന്സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു. ‘ഒരു ബാങ്ക് എന്ന നിലയിൽ ഞങ്ങൾ ഏറെ വിലമതിക്കുന്ന ഉപഭോക്താക്കൾ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ മികച്ച സേവനം മുടക്കമില്ലാതെ നൽകാനും അതുവഴി എല്ലാവരിലും ബാങ്കിങിന്റെ ആനന്ദം എത്തിക്കാനും കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ഏറെ നീണ്ട ലോക്ഡൗണും നിയന്ത്രണങ്ങളും മൂലമുണ്ടായ പ്രതിസന്ധി തിരിച്ചടവുകളെ ബാധിച്ചിട്ടുണ്ട്. ഇതു കാരണം മൊത്ത നിഷ്ക്രിയ ആസ്തി 7.83 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.92 ശതമാനമായും വർധിച്ചു. മുൻ സാമ്പത്തിക വർഷം ഇവ യഥാക്രമം 6.7 ശതമാനവും 3.88 ശതമാനവും ആയിരുന്നു. റിസർവ് ബാങ്ക് നിഷ്‌കർഷിച്ചതിനേക്കാൾ 66.06 കോടി രൂപ സാധാരണ ആസ്തികൾക്കുവേണ്ടി ഈ വർഷം അധികമായി വകയിരുത്തുകയുണ്ടായി.

Report :  Sneha Sudarsan  (Senior Account Executive )

Author

Leave a Reply

Your email address will not be published. Required fields are marked *