ലോകകേരള സഭ: ദർശനരേഖാ രൂപീകരണത്തിന് വിദഗ്ദ്ധ സമിതി ചേർന്നു

Spread the love

ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ ദർശനരേഖാരൂപീകരണത്തിനായി പ്രവാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ പ്രത്യേക യോഗം ചേർന്നു. അന്തർദേശീയ, അന്തർ സംസ്ഥാന കുടിയേറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനാപ്രതിനിധികൾ, പ്രവാസി മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ തുടങ്ങിയ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ഓൺലൈൻ യോഗത്തിൽ അണിനിരന്നു.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, നവകേരള നിർമാണം, ഭാവി പ്രവാസവും പുനരധിവാസവും, സാംസ്‌കാരിക വിനിമയ സാധ്യതകൾ, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ, പുതിയ കുടിയേറ്റ നിയമം 2021-കരട് രേഖ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. മൂന്നാം ലോകകേരള സഭയിൽ ഫലപ്രദമായ ഇടപെടലുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന ദർശന രേഖ സഭാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യും.
പ്രൊഫ. കെ.എൻ. ഹരിലാൽ (സി.ഡി.എസ്.) മോഡറേറ്ററായിരുന്നു.നോർക്ക റൂട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, കെ.സച്ചിദാനന്ദൻ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വി.സി.പ്രൊഫ. സാബു തോമസ്, യു.എൻ. എൻവയോൺമെന്റ് പ്രോഗ്രാം ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷൻസ് മാനേജർ ഡോ.മുരളി തുമ്മാരുകുടി, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ചെയർമാൻ ഡോ.ഇരുദയ രാജൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Author