ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂലനിയമം (റോ.വി.വേഡ്) റദ്ദാക്കുന്നതിനുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കെ, ഇതിന് തടയിടുന്നതിന് ഫെഡറല്‍ ലോ കൊണ്ടുവരുന്നതിന് ഡമോക്രാറ്റുകള്‍ സെനറ്റില്‍ അവതരിപ്പിച്ച ബില്‍ റിപ്പബ്ലിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിക്കളഞ്ഞു.

മെയ് 12 ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 49 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. ഡമോക്രാറ്റുകള്‍ക്കും, റിപ്പബ്ലിക്കന്‍സും 50 വീതം അംഗങ്ങളുളഅള സെനറ്റില്‍ മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഒരംഗവും ബില്ലിനെ എതിര്‍ത്തതാണ് പരാജയപ്പെടാന്‍ കാരണം. ഗര്‍ഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങള്‍ ബില്ലിന്റെ പരാജയത്തെ കുറിച്ചു പ്രതികരിച്ചത്.

സുപ്രീം കോടതി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രത്തിന് ഭരണഘടന നല്‍കുന്ന അവകാശം നീക്കം ചെയ്യുന്നതിന് തത്വത്തില്‍ അംഗീകരിച്ചതിനുശേഷം ദേശവ്യാപകമായി ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും, പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പില്‍ പോലും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയും, പ്രസിഡന്റ് ബൈഡനും സുപ്രീം കോടതിയുടെ ഈ നീക്കത്തില്‍ നിരാശരാണ്. ഇതിനെ മറികടക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് അണിയറയില്‍ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Author