ജനകീയാസൂത്രണ പദ്ധതി രൂപീകരണം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല ശില്‍പശാല നടത്തി

പത്തനംതിട്ട:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗര സഭകളുടേയും അധ്യക്ഷന്മാര്‍, ഉപാദ്ധ്യഷന്മാര്‍, ജില്ലാ പഞ്ചായത്തു അംഗങ്ങള്‍, സെക്രട്ടറിമാര്‍, ആസൂത്രണപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ. ജിജു പി അലക്‌സ് ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി.14-ാം പഞ്ചവത്സര പദ്ധതി-സമീപനം-സംയോജനസാധ്യതകള്‍-സംയുക്ത പദ്ധതികള്‍ എന്ന വിഷയത്തെ കുറിച്ച് പ്രൊഫ. ജിജു.പി അലക്സ് ക്ലാസ് നയിച്ചു. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനു മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയാനന്തരം കേരളത്തിന്റെ പുനഃസൃഷ്ടിക്കായി വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആളോഹരി വരുമാനം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളില്‍ വേഗം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കണം. മാത്രമല്ല പ്രാദേശികമായ വികസനം സാധ്യമാക്കണം.

പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള നൂതന പ്രൊജക്ടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാകുന്ന വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ വികസന മുന്‍ഗണനകളും സംയുക്ത പദ്ധതികളും എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്ലാസ് നയിച്ചു. ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍പേഴ്സണ്‍ എം.കെ. വാസു ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.

Leave Comment