പ്രീതികുളങ്ങര മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുനാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് തുടക്കം
ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയില്‍ ഏകദേശം 1200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. കലവൂർ എൻ.ഗോപിനാഥിന്റെ സ്മരണയ്ക്കായി പ്രീതികുളങ്ങരയിൽ നിർമിച്ച മിനിസ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും വിവിധ കേന്ദ്രങ്ങളിലായി നാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ തലങ്ങളിലെ മത്സര വിജയങ്ങള്‍ക്കപ്പുറം വിപുലമായ ലക്ഷ്യത്തോടെയാണ് കായിക മേഖലയില്‍ വികസനം നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പൊതുവില്‍ കായിക ക്ഷമത ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്താനാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. വ്യായാമം കുടുംബങ്ങളുടെ ശീലമാക്കാനും കുട്ടികള്‍ക്ക് കായിക പരിശീലനം നല്കുവാനും നമ്മള് പരിശ്രമിക്കണം.
കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണ്. പ്രാക്ടിക്കല്‍, തീയറി ക്ലാസുകള്‍ ഉള്‍പ്പെടുന്ന പാഠ്യക്രമമായിരിക്കും ഇത്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലുടനീളം ഫുട്ബോള്‍ പരിശീലനം നല്കുന്ന ഗോള്‍ എന്ന പദ്ധതിക്ക് ജൂലൈയില്‍ തുടക്കമാകും. കേരളത്തിലെ മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്- അദ്ദേഹം പറഞ്ഞു.