വനിതകളെ നൈപുണ്യവികസനത്തിലൂടെ ബിരുദത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ദര്‍പണം പദ്ധതിയുമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത്

Spread the love

ഉദ്ഘാടനം ജൂണ്‍ ആദ്യവാരം.
ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത്ആവിഷ്‌ക്കരിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യം.

കാസറഗോഡ്: ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തി 250 യുവതികളെ അസാപ്പും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നൈപുണ്യ വികസനത്തിലൂടെ ബിരുദധാരികളാക്കുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി പിന്നീട് പഠനം തുടരാന്‍ സാധിക്കാത്ത വനിതകള്‍ക്കായുള്ള പദ്ധതിയായ ‘ദര്‍പ്പണത്തിലൂടെ തുടര്‍ പഠനം സാധ്യമാക്കുന്നു.ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബിരുദം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ ദാതാക്കളാകുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്ര പരസ്യങ്ങളിലൂടെയും സാക്ഷരതാ പ്രേരക്മാര്‍ വഴിയും ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച് ഒന്നാംഘട്ട കൗണ്‍സിലിങ് രണ്ട് മേഖലകളിലായി നല്‍കിയതിന് ശേഷം പ്രവേശന പരീക്ഷയും ഓണ്‍ലൈന്‍ അഭിമുഖവും നടത്തി നിലവില്‍ 250 പേരെ തെരഞ്ഞെടുത്തു.പ്ലസ്ടു, തുല്യതാ പഠനം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളോളം അധ്യയനവുമായി വിട്ടു നില്‍ക്കുന്ന വനിതകളെ കോഴ്‌സിന്റെ ഭാഗമാക്കുന്നതിനായി പ്രാഥമിക പരിശീലനം നല്‍കി വരുന്നു. നൂറ് മണിക്കൂറാണ് ഈ പരിശീലനം. തുടര്‍ന്ന് അക്കൗണ്ടിങ് ടെക്‌നീഷ്യന്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍, ആര്‍ട്ടിഷണല്‍ ബേക്കറി തുടങ്ങി മൂന്ന് തരം കോഴ്‌സുകള്‍ പഠിപ്പിക്കും.കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയും മറ്റ് പ്രൊജക്ടുകള്‍ വഴിയും തൊഴില്‍ ലഭ്യമാക്കും. ഒരു ഗുണഭോക്താവിന് 20,000രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും 2000 രൂപ ഗുണഭോക്തൃ വിഹിതവും ചേര്‍ന്നതാണ് പദ്ധതി. പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്ററാണ്.യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ജൂണ്‍ ആദ്യവാരം ഉദ്ഘാടനം ചെയ്യുന്ന അഭിമാന പദ്ധതിയാണിത്. തുടര്‍ന്നും കൂടുതല്‍ യുവതികള്‍ക്ക് നൈപുണ്യ വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

Author