സാമൂഹ്യക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും ഇടതുമുന്നണി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് : മുഖ്യമന്ത്രി പിണറായി വിജയൻ

സാമൂഹ്യക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പൊതു പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്‌ഥാന വികസനത്തിനായി ബദൽ മാർഗങ്ങൾ ആരാഞ്ഞും ക്ഷേമവും വികസനവുമെല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് ഇടതുമുന്നണി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്. നവ ഉദാരവൽക്കരണ നയങ്ങൾക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വ്യക്തമാക്കിക്കൊണ്ടാണ്

സർക്കാർ മുന്നോട്ടുപോകുന്നത്. നവകേരളത്തിലേക്കുള്ള ഉറച്ചകാൽവെപ്പാണ് ഒരുവർഷക്കാലത്തെ സർക്കാർ ഇടപെടലുകളും പ്രവർത്തനങ്ങളും.
50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചാണ് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. അതിൽ 765 ഓളം ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിലെത്തിക്കാൻ ആദ്യവർഷം തന്നെ കഴിഞ്ഞു. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി നൂറുദിന കർമ്മ പരിപാടികൾ ആവിഷ്കരിക്കാനും സർക്കാരിന് കഴിഞ്ഞു. രണ്ട് നൂറുദിന കർമ്മ പരിപാടിയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത്.
വലിയ മുന്നേറ്റങ്ങളാണ് വികസനവഴിയിൽ കേരളം ഇക്കാലയളവിൽ നേടിയത്. സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ 2 ന് ജനസമക്ഷം അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കേരളത്തിന്റെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷവും സംസ്‌ഥാന വികസനത്തിന്‌ എന്നും മുതൽകൂട്ടായിട്ടുണ്ട്. അവ സംരക്ഷിച്ചുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചും കൂടുതൽ ജനപക്ഷ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടും മുന്നോട്ടുപോകാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.

Leave Comment