അഭിമാന നേട്ടം : സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Spread the love

തിരുവനന്തപുരം :  സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ ടീം രണ്‍ദീപിനെ

യാത്രയാക്കി. രണ്‍ദീപിന് കുറച്ചുനാള്‍ കൂടി തുടര്‍ചികിത്സയും വിശ്രമവും ആവശ്യമാണ്. കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്തിയെ ഒരാഴ്ച മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധു ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ പത്താം തീയതി മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോള്‍ വഴി ഐസിയുവിലായിരുന്ന റണ്‍ദീപുമായും കരള്‍ പകുത്ത് നല്‍കിയ സഹോദരിയുമായും സംസാരിച്ചിരുന്നു. അടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാണ്. രോഗികളെ അഡ്മിറ്റാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Author