രാജീവ് ഗാന്ധി ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ : എകെ ആന്റണി

Spread the love

തിരുവനന്തപുരം :  ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. ഇത്രയേറെ അനുകമ്പയുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഭവനില്‍ 31-ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ് രാജ്യം ഇപ്പോള്‍ കാണുന്ന ഡിജിറ്റല്‍ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത്. അത് ഇന്ത്യയെ മാറ്റിമറിച്ച് ലോകത്തിലെ വന്‍ ഡിജിറ്റല്‍ ശക്തിയാക്കി. രാജീവ് ഗാന്ധിയുടെ അനുകമ്പയും ഹൃദയ വിശാലതയും അന്നത്തെ പ്രതിപക്ഷ നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ രാജീവ് ഗാന്ധിയെ അതിരൂക്ഷമായി കടന്നാക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വാജ്‌പേയിയെ യുഎന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി വിദേശത്തയച്ച് ചികിത്സയ്ക്ക് ഏര്‍പ്പാടാക്കിയതെന്ന് ആന്റണി അനുസ്മരിച്ചു.

മഹാത്മഗാന്ധി സ്വപ്‌നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാര്‍ത്ഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെപ്പോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും ധനവിഹിതവും ലഭിച്ചു. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ മാത്രമല്ല, ഔദ്യോഗിക പദവികളിലും സംവരണം ഏര്‍പ്പെടുത്തി. 18 വയസുള്ളവര്‍ക്ക് വോട്ടവകാശം നല്കി. സ്ത്രീകളെയും യുവാക്കളെയും വളരെയധികം ശാക്തീകരിക്കാന്‍ ഈ നടപടികളിലൂടെ സാധിച്ചു. പാര്‍ട്ടി താത്പര്യംപോലും ബലികഴിച്ചാണ് പഞ്ചാബിലും അസമിലും മിസോറാമിലുമൊക്കെ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് രാജ്യതാത്പര്യത്തേക്കാള്‍ പാര്‍ട്ടി താത്പര്യത്തിനാണ് മേല്‍ക്കൈ എന്ന് ആന്റണി ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധിയുടെ നിര്‍ബന്ധംമൂലമാണ് കേരളംവിട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യം ഇല്ലാതിരുന്ന താന്‍ ഡല്‍ഹിക്കു പോയത്. അദ്ദേഹത്തിന്റെ കീഴില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ആന്റണി അനുസ്മരിച്ചു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള, എന്‍ ശക്തന്‍ നാടാര്‍, ജിഎസ് ബാബു, ജി സുബോധന്‍ എന്നിവര്‍ പ്രസംഗിച്ചു. ടിയു രാധാകൃഷ്ണന്‍, മരിയാപുരം ശ്രീകുമാര്‍, വി. പ്രതാപചന്ദ്രന്‍, പാലോട് രവി, വര്‍ക്കല കഹാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, പന്തളം സുധാകരന്‍, എംആര്‍ രഘുചന്ദ്രബാല്‍, കെ മോഹന്‍ കുമാര്‍, എംഎ വാഹിദ്, പുനലൂര്‍ മധു, ഡോ ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Author