രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും ലാബ്.
എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനസൗഹൃദപരമായ ആരോഗ്യ മേഖലയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും, ലാബ് ഓഫീസ് സമുച്ചയവും അതോടൊപ്പം ജില്ലയില്‍ ആരംഭിച്ച ആറ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗത്തിന്റെ നിസഹായതയും സാമ്പത്തിക ബുദ്ധിമുട്ടുമായി വരുന്ന രോഗികള്‍ക്കു സൗഹൃദപരമായ പെരുമാറ്റം ഏറെ ആശ്വാസകരമാകും. ജനങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യം ഏറെ മെച്ചപ്പെട്ടു. ഒ.പി സൗകര്യങ്ങളും, ലാബ് സൗകര്യങ്ങളും അതോടൊപ്പം ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണം വര്‍ധിപ്പിച്ചു. 30 വയസിനു മുകളിലുള്ളവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കണ്ടെത്തി രോഗപ്രതിരോധ ശേഷി ആര്‍ജിക്കേണ്ടത് അനിവാര്യമാണ്. ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങളടങ്ങിയ ക്യാന്‍സര്‍ ഡാറ്റ രജിസ്റ്റര്‍ തയ്യാറാക്കും. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും രജിസ്റ്റര്‍ പ്രത്യേകം തയ്യാറാക്കും. രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2025 ആകുന്നതോടെ കേരളം ക്ഷയരോഗവിമുക്തമാക്കും. കേരളത്തിലെ ജനറല്‍ ആശുപത്രികളില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
എടത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് സര്‍ജന്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ അധികമായി അനുവദിച്ചു. തിങ്കള്‍ മുതല്‍ വൈകിട്ട് ആറുവരെ ഒ.പി പ്രവര്‍ത്തിക്കുമെന്നും ജെറിയാഡ്രിക്, സ്വാസ് ക്ലിനിക്കുകള്‍ എന്നിവ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.