ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, അബ്ദുള്‍ റസാക്ക് വിശിഷ്ടാതിഥി – മാത്യു തട്ടാമറ്റം

Spread the love

നോര്‍ത്ത് അമേരിക്കയുടെ കായികചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതാന്‍ പോകുന്ന 32-ാമത് ജിമ്മി ജോര്‍ജ്ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ (5/29/2022) ഈ ടൂര്‍ണമെന്റിന്റെ വിശിഷ്ടാതിഥിയായി മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമായ അബ്ദുള്‍ റസാക്കിനെ കിട്ടിയത് ഈ ടൂര്‍ണമെന്റിന് മാറ്റു കൂട്ടുന്നു എന്നതില്‍ സംശയമില്ല.

ചിക്കാഗോയിലെ നാനാവിഭാഗത്തില്‍ നിന്നുമുള്ള നേതൃത്വപാടവം തെളിയിച്ച ആളുകളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് അതിവിപുലമായ ഒരു ടൂര്‍ണമെന്റ് കമ്മിറ്റിക്കാണ് ചിക്കാഗോ കൈരളി ലയണ്‍സ് രൂപം കൊടുത്തിരിക്കുന്നത്. ചിക്കാഗോയില്‍ നിന്നു മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വളരെ ആവേശോജ്ജ്വലമായ സഹായ സഹകരണമാണ് ഈ മഹാവോളിബോള്‍ മാമാങ്കത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതാണ് ഞങ്ങളുടെ ഊര്‍ജ്ജവും ശക്തിയും.

ഓരോ കമ്മിറ്റിക്കും നേതൃത്വം കൊടുക്കുന്ന ഓരോരുത്തരും അവരുടെ ചിട്ടയായ പ്രവര്‍ത്തനമികവ് ഈ ടൂര്‍ണമെന്റിന്റെ വിജയത്തിന് കൂടുതല്‍ തിളക്കം കൂട്ടുമെന്ന് കൈരളി ലയണ്‍സ് പ്രസിഡന്റ് സിബി കദളിമറ്റവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും സംയുക്തമായി പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ യുവതലമുറയ്ക്ക് ജിമ്മി ജോര്‍ജ്ജ് എന്ന മഹാത്ഭുതത്തെ അറിയാനും ഒരു കാലത്ത് കേരളത്തിന്റെ ഗ്രാമങ്ങളില്‍ ഏറ്റവും പ്രചാരത്തില്‍ നിന്നിരുന്ന കൈപ്പന്തുകളിയുടെ ചരിത്രത്തിലൂടെ നന്മ പൂക്കുന്ന നാട്ടിന്‍പുറങ്ങളെക്കുറിച്ചും നല്ലവരായ ഗ്രാമീണരെക്കുറിച്ചും പറഞ്ഞു പറഞ്ഞു കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയുവാനും അമേരിക്കന്‍ മലയാളികളുടെ പുതുതലമുറയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ജോണ്‍ പുതുശ്ശേരി നഗറില്‍ കളിക്കാരന്റെയും ആസ്വാദകന്റെയും മനസ്സില്‍ ആവേശത്തിന്റെ നിറച്ചാര്‍ത്തേകാന്‍ ആധുനിക സൗകര്യങ്ങള്‍ എല്ലാമൊരുക്കി ഹാര്‍പര്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം പുതിയൊരു അങ്കത്തട്ടാക്കി മാറ്റിക്കൊണ്ട് ചിക്കാഗോ കൈരളി ലയണ്‍സും കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന നോര്‍ത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ ശ്രദ്ധേയമായ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2022 മെയ് 29ന് അനായാസം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ക്ക് അരങ്ങൊരുക്കുവാന്‍ അരയും തലയും മുറുക്കി സംഘാടക മികവിന്റെ തലപ്പാവേന്തിയ സിറിയക് കൂവക്കാട്ടിലിന്റെയും സിബി കദളിമറ്റത്തിന്റെയും നേതൃത്വത്തില്‍ സംഘാടക സമിതിയും സജ്ജമായി.

ഇനി 29ന് അങ്കത്തട്ടിലേക്ക് വീരനായകന്മാരുടെ പടപ്പുറപ്പാട് ആരംഭിക്കും. വീറോടെ വാശിയോടെ ജയപരാജയങ്ങള്‍ പ്രവചനാതീതമായ മത്സരങ്ങള്‍ അരങ്ങേറും. കാണാന്‍ ആസ്വദിക്കാന്‍ ആടിത്തിമിര്‍ക്കാന്‍ നിങ്ങള്‍ തയ്യാറായിക്കോളൂ.

Author