കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന കളക്ടേഴ്‌സ്സ് അറ്റ് സ്‌കൂൾ, ഷീ പാഡ് പദ്ധതികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടോമിച്ചൻ ജോസഫ് നിർവഹിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് വി.എച്ച്.എസ് എസിൽ നടന്ന ചടങ്ങിൽ 17 സ്‌കൂളുകൾക്ക് ഷീ പാഡ് സാനിട്ടറി യൂണിറ്റുകളും 43 സ്‌കൂളുകൾക്ക് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ബിന്നുകളും വിതരണം ചെയ്തു.
ഓരോ സ്‌കൂളിനും നാലു ബിന്നുകൾ വീതം നൽകി. കട്ടിയേറിയ പ്ലാസ്റ്റിക് കുപ്പികൾക്കായ് ഹാർഡ് ബോട്ടിൽ ബിൻ, കട്ടി കുറഞ്ഞ വെള്ളക്കുപ്പി, ശീതളപാനീയ കുപ്പികൾ എന്നിവയ്ക്കായി പെറ്റ് ബോട്ടിൽ ബിൻ, പ്ലാസ്റ്റിക്ക് കവറുകൾക്കും കടലാസിനും വെവ്വേറെ ബിന്നുകൾ എന്നിവയാണ് നൽകിയത്.ഹരിത കർമ്മസേന കൃത്യമായ ഇടവേളകളിൽ സ്‌കൂളുകളിലെത്തി ഇവ ശേഖരിക്കും. ഇൻസിനേറ്ററും സാനിട്ടറി പാഡുകളും അലമാരയും ഉൾപ്പെട്ടതാണ് ഷീ പാഡ് യൂണിറ്റുകൾ.ബ്ലോക്കിന് കീഴിലുള്ള അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിലെ സ്‌കൂളുകളെയാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.