പതിനാലാം പഞ്ചവത്സര പദ്ധതി; ഏകദിന ശിൽപശാല നടത്തി

ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മുഖ്യപങ്ക്: ശിൽപശാല

കോട്ടയം: കേരളത്തിന്റെ ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപങ്കുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ജിജു പി. അലക്‌സ്. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം സമസ്ത മേഖലയിലും ഉൽപാദനം വർധിപ്പിക്കണമെന്നും അതിലൂടെ വളർച്ചാനിരക്ക് ഉയർത്തണം. തദ്ദേശസ്ഥാപനങ്ങൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും മൂലധന നിക്ഷേപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഇതിനായി ഇൻകുബേഷൻ സൗകര്യം, ഇന്നവേഷൻ ഫണ്ട്, സാങ്കേതിക വിദ്യാ സഹായം എന്നിവ ഒരുക്കുന്നതിന് ഔദ്യോഗിക സംഘടനാ സംവിധാനം പ്രവർത്തിക്കണം. വിദ്യാലയങ്ങളിലും കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യം അഭ്യസിപ്പിക്കുകയും ഈ സ്ഥാപനങ്ങളുടെ സാങ്കേതികസഹായം വികസന പദ്ധതികളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യണം. കാർഷിക മേഖലയിൽ കോട്ടയം ജില്ലയ്ക്ക് കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിക്കും. അതിനായി പഞ്ചായത്തുകൾ നൂതനാശയങ്ങൾ വിഭാവനം ചെയ്യണം. 14-ാം പഞ്ചവൽസര പദ്ധതി കാർഷിക മേഖലയെ സുപ്രധാനമായി കണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ 10 സംയുക്ത പദ്ധതികൾ വിവരിച്ചു കൊണ്ടുള്ള റിപ്പോർട്ട് അവതരണവും നടന്നു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റീന ജോൺ, നവകേരളം കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. ആർ. ഭാഗ്യശ്രീ, എൻ.ഐ.സി. അസിസ്റ്റന്റ് ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ റോയി ജോസഫ്, ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ അനി ഇടിക്കുള, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ്, ദന്തൽ കോളജ് അസിസ്റ്റന്റ് സർജൻ ഡോ. മേരി ഷിമി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുരേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽകുമാർ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വാർഷിക പദ്ധതി അവലോകനം ചെയ്തു.

Leave Comment