കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു – സന്തോഷ് മേക്കര (പി.ആര്‍.ഒ)

Spread the love

സൈന്യങ്ങളുടെ കര്‍ത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ സന്നിധിയില്‍ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥനയോടു ചേര്‍ന്നു ദൈവജനത്തിന്റെ പ്രാര്‍ത്ഥനാ മഞ്ജരികള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ലണ്ടന്‍ സേക്രെട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം കോട്ടയം അതിരൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലകാട്ടു പിതാവ് നിര്‍വഹിച്ചു. തുടര്‍ന്ന് മിസ്സിസ്സാഗ രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് ദിവ്യബലി അര്‍പ്പിച്ചു.

സേക്രെഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ മിഷ്യന്‍ ലണ്ടന്‍ ഇടവകയായി ഉയര്‍ത്തികൊണ്ടും പ്രഥമ വികാരിയായി വെരി റവ ഫാ പത്രോസ് ചമ്പക്കരയെ നിയമിച്ചുകൊണ്ടുമുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാന്‍സെലര്‍ റവ ഫാ ടെന്‍സണ്‍ പോള്‍ തിരുകര്‍മ്മ വേളയില്‍ വായിക്കുകയുണ്ടായി. കൂദാശാ കര്‍മ്മങ്ങളുടെ ആര്‍ച്ചു ഡീക്കന്‍ സ്ഥാനം വഹിച്ചത് രൂപതാ പ്രൊകുറേറ്റര്‍ റവ ഫാ ജേക്കബ് എടകളത്തൂറാണ്.

Picture2

കൂദാശകര്‍മ്മങ്ങളുടെ സമാപനത്തില്‍ നടത്തപെട്ട അനുമോദന സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശയെ പോലെ നേതൃത്വം നല്‍കിയ വികാരി ഫാ പത്രോസ് ചമ്പക്കരയെയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. ദിവ്യബലി മദ്ധ്യേയും ഉത്ഘാടന സന്ദേശവേളയിലും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് സഭയോട് ചേര്‍ന്നു ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓര്‍മ്മിപ്പിക്കുകയും പത്രോസ് ചമ്പക്കര അച്ചന്റെ ത്യാഗപൂര്‍ണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യസന്ദേശം നല്‍കിയ ഹ്യൂറോന്‍ ആംഗ്ലിക്കന്‍ രൂപതാ മെത്രാന്‍ റൈറ്റ് റവ ഡോ റ്റൊഡ് ടൗണ്‍ഷെന്റ് തങ്ങള്‍ വര്‍ഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടര്‍ന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയനെ പ്രതിനിധികരിച്ചു ചിക്കാഗോ സിറോ മലബാര്‍ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയണ്‍ ഡയറക്ടറും ആയ വെരി റവ ഫാ തോമസ് മുളവനാലും ,മിസ്സിസ്സാഗ രൂപതാ വൈദികകൂട്ടായ്മയെ പ്രതിനിധികരിച്ചു ലണ്ടന്‍ സെന്റ് മേരിസ് സിറോ മലബാര്‍ വികാരി റവ ഫാ പ്ലോജന്‍ കണ്ണമ്പുഴയും ,ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തോലിക് ഇന്‍ കാനഡയുടെ ചെയര്‍മാന്‍ ആയ ശ്രീ ജോസഫ് പതിയിലും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയുണ്ടായി.

വികാരി റവ ഫാ പത്രോസ് ചമ്പകര സ്വാഗതവും പാരിഷ് കൌണ്‍സില്‍ സെക്രട്ടറി ശ്രീ സന്തോഷ് മേക്കര റിപ്പോര്‍ട്ടും കൈക്കാരന്‍ ശ്രീ ബൈജു സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാരിഷ് ഹാളില്‍ വച്ച് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നും നല്‍കുകയുണ്ടായി. നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെയും പങ്കാളിത്തം കൊണ്ട് എല്ലാ കര്‍മ്മങ്ങളും ശ്രേദ്ധേയമായി.

വികാരി ഫാ പത്രോസ് ചമ്പക്കരയുടെയും കൈക്കാരന്മാരായ ശ്രീ സാബു തറപ്പേല്‍, ശ്രീ ബൈജു സ്റ്റീഫന്‍, സെക്രട്ടറി സന്തോഷ് മേക്കര ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ ജോജി വണ്ടന്‍മാക്കില്‍ എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പ്രൗഡ്ഡഗംഭീരമായ ചടങ്ങുകള്‍ നടത്തപെട്ടത്.

അരനൂറ്റാണ്ടിലധികം കുടിയേറ്റ പാരമ്പര്യം ഉള്ള ക്‌നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസ്സിസ്സാഗ രൂപതയുടെ ആറാമത്തെ ദേവാലയവും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയണിലെ പതിനഞ്ചാമത്തെ ദേവാലയുമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാര്‍ജെടുത്ത റവ ഫാ പത്രോസ് ചമ്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാര്‍ത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ഈ മനോഹര ദേവാലയം സ്വന്തമാക്കാന്‍ സാധിച്ചത്. കാനഡയില്‍ താമസിക്കുന്ന എല്ലാ ക്‌നാനായകത്തോലിക്ക വിശ്വാസികളുടെയും കൂട്ടായ പ്രാര്‍ത്ഥനയുടെയും സാമ്പത്തികസഹായത്തിന്റെയും പരിണിതഫലമായാണ് ഈ ചരിത്രമുഹൂര്‍ത്തം സാധ്യമായത്.

Author