ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

അധികാര വികേന്ദ്രീകരണത്തെ പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കുള്ള അവാര്‍ഡ് ദാനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കിലയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പഠന പ്രവര്‍ത്തനങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മൂന്ന് വലിയ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഒരു പഠന സംരംഭത്തിനായി ഒത്തുചേരുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. പ്രായ ലിംഗ ഭേദമന്യേ ഗുണമേ•യുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രധാനം ചെയ്യുകയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനത്തെ പ്രതിഫലിപ്പിക്കുന്നതാണ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍.
ജനപ്രതിനിധികള്‍ ഏറ്റവും നല്ല സാമൂഹ്യ സേവകര്‍ ആകണമെന്നും ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം വികസനം, പൊതുജനപങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നൂതനമായ ചുവട് വെപ്പാണെന്നും ഭരണനിര്‍വ്വഹണത്തില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നും ചടങ്ങില്‍ പങ്കെടുത്ത മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.ഗവര്‍ണര്‍ കോണ്‍വൊക്കേഷന്‍ രജിസ്റ്ററില്‍ ഒപ്പുവച്ചു. തുടര്‍ന്ന് ഭദ്രദീപം തെളിച്ച് കോണ്‍വെക്കേഷന്‍ പ്രതീകാത്മകമായി നിര്‍വഹിച്ചു. കോണ്‍വൊക്കേഷന്‍ നോട്ട് ജനപ്രതിനിധികള്‍ ഏറ്റുചൊല്ലി.

Leave Comment