92 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

പ്രതിബദ്ധതയോടെ വനം സംരക്ഷിക്കണം : മന്ത്രി എ കെ ശശീന്ദ്രൻ
കണ്ണൂർ: വനസംരക്ഷണം പ്രതിബദ്ധതയോടെ നടപ്പാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 116, 117 ബാച്ചിലെ 92 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ വനഭൂമിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനൊപ്പം വനാശ്രിത സമൂഹത്തിന്റെ ശാക്തീകരണത്തിനായും വനപാലകർ പ്രവർത്തിക്കണം. ജനങ്ങളുമായി ആത്മബന്ധം വളർത്തണം. പ്രകൃതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, ഭാവി തലമുറക്ക് കൂടി വേണ്ടിയാണ്. വകുപ്പ് കൂടുതൽ ജനകീയമാകണം. റാപ്പിഡ് റെസ്‌പോൺസ് സംഘത്തിന് കൂടുതൽ പരിശീലനം നൽകി പ്രതിസന്ധികൾ നേരിടാൻ സജ്ജരാക്കും. നിലവിൽ അനുവദിച്ചതിന് പുറമെ 50 വാഹനങ്ങൾ കൂടി വാങ്ങാൻ വകുപ്പിന് അനുമതി നൽകും. പരിശീലനം ലഭിക്കാത്തവർക്ക് അത് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ക്രാഷ് കോഴ്‌സ് നടപ്പാക്കുമെന്നും മന്തി പറഞ്ഞു. നിലവിൽ വനം വന്യജീവി വകുപ്പിൽ ജോലി ചെയ്യുന്ന ബീറ്റ് ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ ഭൂരിഭാഗം പേരും മൂന്ന് വർഷമായി ജോലി ചെയ്യുന്നവരാണ്. 19 പേർ ബിരുദാനന്തര ബിരുദവും 59 പേർ ബിരുദവും മൂന്ന് പേർ ഡിപ്ലോമയും 10 പേർ ഹയർ സെക്കണ്ടറി പഠനവും പൂർത്തിയാക്കിയവരാണ്.മൂന്ന് പ്ലാറ്റൂണുകളായി നടന്ന പരേഡിന് കമാൻഡന്റ് കെ വി പ്രശോഭ്, അസി. കമാൻഡന്റ് ആർ ഗോകുൽ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും വനം വകുപ്പ് മേധാവിയുമായ ബെന്നിച്ചൻ തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്ക് മന്ത്രി ഉപഹാരം നൽകി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, കെ എ പി നാലാം ബറ്റാലിയൻ കമാൻഡന്റ് വിവേക് കുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി രാജൻ, ഫോറസ്റ്റ് കൺസർവേറ്റർ എം നീതു ലക്ഷ്മി, മറ്റ് ഉദ്യോഗസ്ഥർ, പരിശീനാർത്ഥികളുടെ കുടുംബാഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Leave Comment