ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും

Spread the love

ആലപ്പുഴ: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി വായ്പ ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കണ്ടല്ലൂര്‍ പുതിയവിള ക്ഷീരോത്പ്പാദന സഹകരണസംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉത്പാദനച്ചിലവിലെ വര്‍ദ്ധന കണക്കിലെടുത്ത് സംസ്ഥാനത്തെ 10,000 ഓളം കര്‍ഷകര്‍ഷകര്‍ക്ക് ഒരു പശുവിന് 20,000 രൂപ എന്ന നിരക്കില്‍ പരമാവധി 1,60,000 രൂപ വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ ലഭ്യമാക്കും. സ്ത്രീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. എല്ലാ ജില്ലകളിലും ടെലി വെറ്റിനറി സേവനം ഉടന്‍ തന്നെ നിലവില്‍ വരും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ‍പറഞ്ഞു.
ചടങ്ങില്‍ യു.പ്രതിഭ എം.എല്‍ എ. അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. അംബുജാക്ഷി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തയ്യില്‍ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി വിശ്വനാഥ്, സുനില്‍ കൊപ്പാറേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന സുരേന്ദ്രന്‍, കോലത്തേത്ത് പത്മിനി, എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എം.രാമചന്ദ്രന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറകടര്‍ ട്രീസ തോമസ്, ക്ഷീരസംഘം പ്രസിഡന്‍റ് സി.അജികുമാര്‍, സെക്രട്ടറി എസ്.സതീഷിണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യു.പ്രതിഭ എം.എല്‍.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയവിള ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിന്‍റെഓ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.

Author