രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജന്റെ ആസൂത്രണം: എംഎം ഹസന്‍

Spread the love

എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത അക്രമമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐക്കാര്‍ നടത്തിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.

ജൂണ്‍ 21-ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് 24-ന് എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും എംഎം ഹസന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് നോക്കിനിന്നു. വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കള്ളക്കേസെടുത്ത പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താല്‍ യുഡിഎഫ് നിയമത്തിന്റെ വഴിയേ നീങ്ങും.എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ബിജെപി രാഹുല്‍ ഗാന്ധിയെ വേട്ടയാടുമ്പോള്‍ തങ്ങളും ഒപ്പമുണ്ടെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് കേരളത്തിലെ സിപിഎമ്മിന്. അതിന്റെ ഭാഗമായാണ് ഈ അക്രമങ്ങളെല്ലാം. മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് വിധേയമായി ബിജെപിയെ പ്രീതിപ്പെടുത്താനും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുമാണ് ശ്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയിലെ കര്‍ഷകരെയും ജനങ്ങളെയും സഹായിക്കാനായി യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച് 2019 ഒക്ടോബര്‍ 23ന് പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാനത്തിന് അനുസൃതമായാണ് സുപ്രീംകോടതി വിധിയുണ്ടായത്. എന്നിട്ടും ക്ലിഫ്ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താതെ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടത്തിയത് തികച്ചും ആസൂത്രിതമാണ്. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
——

പോലീസുകാരെ ഹസ്സന്‍ പുറത്താക്കി

കെപിസിസി ആസ്ഥാനത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലെത്തിയ പോലീസുകാരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പുറത്താക്കി.

സിപിഎം പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് പരാജയപ്പെട്ടവരാണ് കേരള പോലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം ഗുണ്ടകള്‍ അക്രമിച്ചപ്പോള്‍ കയ്യും കെട്ടിനോക്കി നിന്നവരാണ്. അതേ നിഷ്‌ക്രിയത്വം തന്നെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചപ്പോഴും പോലീസ് പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പോലീസിന്റെ സുരക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

——
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം:
യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് രണ്ടിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും 12 ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. അന്നേദിവസം മലപ്പുറത്ത് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാല്‍ അവിടെ നാലാം തീയതിയാണ് മാര്‍ച്ച്.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹം, പണം വെളുപ്പിക്കല്‍, കള്ളക്കടത്ത് എന്നിവയെല്ലാം കേന്ദ്ര വിഷയങ്ങളാണ്. ഇല്ലാത്ത കേസില്‍ രാഹുല്‍ഗാന്ധിയെ 52 മണിക്കൂര്‍ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സിപിഎം -ബിജെപി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്.

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്രക്കാരെ കാണുന്നില്ല, ജനങ്ങളോട് പറയുന്നില്ല. അസുഖമെന്ന് പറഞ്ഞ് ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉറക്കത്തില്‍ സ്വര്‍ണ സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയാണെന്നും ഹസന്‍ പരിഹസിച്ചു.

ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും എറണാകുളത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, ഇടുക്കിയില്‍ പിജെ ജോസഫ്, തൃശൂരില്‍ എംഎം ഹസന്‍, കോഴിക്കോട് ഡോ. എം.കെ മുനീര്‍, കാസര്‍കോട് കെ മുരളീധരന്‍ എംപി, ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പാലക്കാട്ട് ബെന്നി ബെഹനാന്‍, പത്തനംതിട്ടയില്‍ സിപി ജോണ്‍, വയനാട്ടില്‍ ജി ദേവരാജന്‍ എന്നിവരാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ എറണാകുളത്തും മാണി സി കാപ്പന്‍ കോട്ടയത്തും ജോണ്‍ ജോണ്‍ പാലക്കാട്ടും അഡ്വ. രാജന്‍ബാബു എറണാകുളത്തും മാര്‍ച്ചില്‍ പങ്കെടുക്കും.

Author