ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷന്റെ രജിസ്ട്രേഷൻ അവസാനിപ്പിച്ചു – (ഫോമാ ഒഫീഷ്യൽ ന്യൂസ് )

Spread the love

ഫ്ലോറിഡ : മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ കാൻകൂണിലുള്ള മൂൺ പാലസിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന ഫോമായുടെ രാജ്യാന്തര ഫാമിലി കൺവൻഷന്റെ രജിസ്ട്രേഷൻ താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ പേർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് റൂമുകൾ തീർന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യേണ്ടി വന്നത്.

കൂടുതൽ റൂമുകൾ ലഭ്യമാകുന്ന പക്ഷം, രജിസ്‌ട്രേഷൻ പ്രക്രിയ പുനരാരംഭിക്കും. സമീപത്തുള്ള ഹോട്ടലുകളിൽ റൂമുകൾ എടുക്കുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുന്നതിനാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഫോമായിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൺവൻഷനിലും ജനറൽ ബോഡിയിലും വോട്ടിങ്ങിലും പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നിരിക്കെ, ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഓരോ അംഗങ്ങൾക്കും അതിനുള്ള അവസരം ഒരുക്കണമെന്ന ആഗ്രഹംകൊണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി വളരെ ആത്മാർത്ഥമായി തന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.ഫോമാ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ളവർക്ക് മാത്രമേ മൂൺ പാലസ് അധികൃതർ പ്രസ്തുത ദിവസങ്ങളിൽ മീറ്റിംഗ് ഹാളുകളിൽ പ്രവേശനം നൽകുകയുള്ളൂ, അതല്ലെങ്കിൽ 500 ഡോളർ അധികമായി നൽകേണ്ടി വരും. ഫോമായുടെ ജനറൽ കൗൺസിലിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ലിസ്റ്റുകളുടെ ആദ്യ പതിപ്പ് അസോസിയേഷന് കൈമാറേണ്ട അവസാന തീയതി ഇന്ന് (ജൂലൈ 15 ന് ) അവസാനിക്കുകയാണ്. തൊണ്ണൂറുശതമാനത്തോളം അസോസിയേഷനുകളിൽ നിന്നുള്ള ഡെലിഗേറ്റ് ലിസ്റ്റ് ഇതിനോടകം ലഭിച്ചതായി ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അറിയിച്ചു. ജൂലൈ 23 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കുന്ന സൂം ജനറൽ ബോഡിയിൽ ഈ ഡെലിഗേറ്റ് ലിസ്റ്റിൽ നിന്നും ഉള്ളവർക്കായിരിക്കും പങ്കെടുക്കാൻ സാധിക്കുക. ഡെലിഗേറ്റ് ലിസ്റ്റിൽ മാറ്റം വരുത്തുന്നതിനുള്ള അവസരം മെമ്പർ അസോസിയേഷനുകൾക്ക് ജൂലൈ 25 വരെ ഉണ്ടായിരിക്കും. ബൈലോയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനുവേണ്ടിയാണ് ജനറൽ ബോഡി കൂടുന്നത്.

ഫോമായുടെ കൺവൻഷൻ നടക്കുന്ന ഔദ്യോഗിക തീയതി സെപ്റ്റംബർ 2 മുതൽ 5 വരെ ആണെങ്കിലും, ഓഗസ്റ്റ് 31 മുതൽ തന്നെ നിരവധി കുടുംബങ്ങൾ കാൻകൂണിൽ എത്തിച്ചേരും. സെപ്റ്റംബർ 6 വരെ അവിടെ തുടരുകയും ചെയ്യുമെന്നാണ് അറിയുന്നത്. അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി 80 ശതമാനം അംഗങ്ങളും ‘ഫാമിലി കൺവൻഷൻ’ എന്ന പേര് അന്വർത്ഥമാക്കും വിധം കുടുംബസമേതം തന്നെ എത്തിച്ചേരുമെന്നതാണ് ഇത്തവണത്തെ കൺവൻഷന്റെ പ്രധാന സവിശേഷത. മുൻ വർഷങ്ങളിൽ നടന്നിട്ടുള്ള ഫോമാ കൺവൻഷനുകൾ, അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ വച്ചുതന്നെ ആയിരുന്നതുകൊണ്ട് രജിസ്റ്റർ ചെയ്യാതെ തന്നെ നിരവധി ആളുകൾ, പരിപാടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു.

‘ഡെസ്റ്റിനേഷൻ കൺവൻഷൻ’ എന്ന നിലയിൽ, ബുക്ക് ചെയ്ത് പറന്നെത്തുന്നവർക്ക് മാത്രമേ പുതുമ നിറഞ്ഞ ഈ ഒത്തുചേരൽ അനുഭവേദ്യമാകൂ. മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും കലാസാഹിത്യരംഗത്തെ പ്രഗത്ഭരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ കൺവൻഷന് തിളക്കമേറും. വരും ദിവസങ്ങളിൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടും. കൺവൻഷനിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ഫോൺ നമ്പറും സഹിതം [email protected] എന്ന ഇമെയിൽ ഐഡിയിൽ താല്പര്യം അറിയിക്കേണ്ടതാണ്. രജിസ്ട്രേഷൻ പുനരാരംഭിക്കുമ്പോൾ, അനുബന്ധ വിവരങ്ങൾ കമ്മിറ്റി അംഗങ്ങൾ ഫോണിലൂടെ വിളിച്ചറിയിക്കുന്നതായിരിക്കും. ഫോമാ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ജോയ് ശാമുവൽ ,കോ-ഓർഡിനേറ്റർ ബൈജു വർഗീസ്,വൈസ് ചെയർമാൻ സാജൻ മൂലപ്ലാക്കൽ,സുനിത നായർ,സിമി എന്നിവരുടെ നേതൃത്വത്തിൽ വളരെ നല്ലരീതിയിൽ പ്രവർത്തനങ്ങൾ മുന്നേറുന്നുണ്ട്.

രജിസ്റ്റർ ചെയ്ത് കൺവൻഷൻ വിജയിപ്പിക്കാൻ, പിന്തുണ അറിയിച്ച എല്ലാവർക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ നന്ദി അറിയിച്ചു. ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് കൺവെൻഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും ആ വിവരം [email protected] ലേക്ക് ഇമെയിലിലൂടെ അറിയിക്കാം. രജിസ്ട്രേഷൻ പേയ്മെന്റ് പൂർത്തീകരിക്കാത്തവർ, ബാക്കി തുക ജൂലൈ 25 ന് മുൻപായി നൽകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Author