‘ഇനി ഞാനൊഴുകട്ടെ’; വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ

Spread the love

412 കിലോമീറ്റർ പുഴകൾക്ക് പുതുജീവൻ.

ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ. 412 കിലോമീറ്റർ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം നീർച്ചാലുകൾ മാലിന്യമുക്തമാക്കിയിട്ടുള്ളത്, 10,885 കിലോമീറ്റർ. എറണാകുളം ജില്ലയിൽ 7,101 കിലോമീറ്ററും കോട്ടയം ജില്ലയിൽ 4,148 കിലോമീറ്റർ നീർച്ചാലുമാണ് വീണ്ടെടുത്തത്.
പ്രാദേശികാടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ഉദ്യമമായാണ് ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിൻ ആരംഭിച്ചത്. കാലവർഷത്തിൽ കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്ത സാഹചര്യത്തിൽ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കാൻ ഇത് സഹായകമായി. വരട്ടാർ നദി പുനരുജ്ജീവനം, കാനാമ്പുഴ, കിള്ളിയാർ, ചാലംകോട് തോട്, പൂനൂർ പുഴ തുടങ്ങി മലിനമായി കിടന്ന ജല സ്രോതസ്സുകൾ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു. മീനച്ചിലാർ – മീനന്തറയാർ- കൊടൂരാർ പുനഃ സംയോജനം നടത്തിയത് വഴി 5,200 ൽ അധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാൻ സാധിച്ചതും നേട്ടമാണ്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങൾ കണ്ടെത്തിയാണ് ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തിൽ പശ്ചിമ ഘട്ടത്തിലെ ജലാശയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ളവ തടയുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ജനപ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ തുടങ്ങിയവരുടെ പിന്തുണയും ഉറപ്പാക്കുന്നുണ്ട്. നീർച്ചാലുകൾ കടന്നുപോകുന്ന വാർഡുകളിൽ പ്രത്യേക സംഘാടക സമിതി രൂപവത്ക്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വീണ്ടും മലിനീകരണം നടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.

Author