കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി ഒൻപതിനായിരം റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും

കേരളത്തിലെ രണ്ടായിരം ഹൈസ്‌കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി ഒൻപതിനായിരം റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. റോബോട്ടിക് ലാബുകൾ പൊതു വിദ്യാഭ്യാസത്തിന്റെ മുഖച്ഛായക്ക് മാറ്റുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ ജില്ലാ ക്യാമ്പ് സന്ദർശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച മൂന്ന് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കു സംസ്ഥാന തലത്തിൽ രണ്ട് ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ വീതവും ജില്ലാതലത്തിൽ 30,000, 25,000, 15,000 രൂപ വീതവും സമ്മാനം നൽകും. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാകും ഈ പുരസ്‌കാരം നൽകുകയെന്നും മന്ത്രി അറിയിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചടങ്ങിൽ പങ്കെടുത്തു.
സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തത്.

Leave Comment