വിവാഹ മോചനം പരസ്യമാക്കി; മുന്‍ ഭാര്യയായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഷിക്കാഗോ: വിവാഹമോചനത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയ ഷിക്കാഗോയിലുള്ള പ്രമുഖ ഫൊട്ടോഗ്രഫര്‍ സാനിയാ ഖാനെ (29) മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു. വിവാഹ ജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ടിക്ക്‌ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചത്.

ജോര്‍ജിയയില്‍ നിന്നു യാത്ര ചെയ്താണു സാനിയ ഖാനെ വധിക്കാന്‍ മുന്‍ ഭര്‍ത്താവ് റഹില്‍ അഹമ്മദ് (36) ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അഹമ്മദ് സാനിയയുമായി ഈ വിഷയത്തെ കുറിച്ചു തര്‍ക്കിക്കുകയും ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുള്ള ആരോ ശബ്ദം കേട്ടു വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വീണ്ടും വെടിയൊച്ച കേട്ടു.

തുറന്നു നോക്കിയപ്പോള്‍ അഹമ്മദ് വാതിലിനു സമീപവും സാനിയ തലക്കും കഴുത്തിനും വെടിയേറ്റു ബെഡ് റൂമിലുമായിരുന്നു. സംഭവ സ്ഥലത്തു തന്നെ സാനിയ മരിച്ചിരുന്നു. അഹമ്മദിനെ നോര്‍ത്ത് വെസ്റ്റേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2021 ല്‍ ജൂണില്‍ ചാറ്റിനോഗയില്‍ നിന്നാണു പ്രഫഷനല്‍ ഫൊട്ടോഗ്രഫറായ സാനിയ ഷിക്കാഗോയിലേക്കു താമസം മാറ്റിയത്. സാനിയയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ചിലവിലേക്കു ഗോ ഫണ്ട് മീ പേജ് തുറന്നിട്ടുണ്ട്.

Leave Comment