എഡ്‌മെന്റന്‍: 19, 20 നൂറ്റാണ്ടുകളില്‍ കാനഡയിലെ തദ്ദേശീയ വിഭാഗങ്ങളിലെ കുട്ടികള്‍ സഭയുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നേരിട്ട അനീതിക്കും ക്രൂരതയ്ക്കും മാര്‍പാപ്പ മാപ്പ് ചോദിച്ചു.
വിനയാന്വിതനായി ക്ഷമ ചോദിക്കുന്നെന്നും ഇത് ചരിത്രനീതിക്കുവേണ്ടിയുള്ള തുടക്കം മാത്രമാണെന്നും മാര്‍പാപ്പ പറഞ്ഞു. സ്‌കൂളുകളില്‍ നടന്ന പഴയ സംഭവങ്ങളില്‍ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ദുഃഖത്തില്‍ വേവുന്ന തദ്ദേശീയ കുടുംബങ്ങള്‍ക്കു താങ്ങാകണമെന്നും ആവശ്യപ്പെട്ടു.
ആല്‍ബര്‍ട്ടയിലെ മസ്‌ക്വാചിസിലെ കൂറ്റന്‍ വേദിയില്‍ വച്ചായിരുന്നു മാര്‍പാപ്പയുടെ ക്ഷമാപണം. തദ്ദേശീയ കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയ എര്‍മിനെസ്‌കിന്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിരുന്ന സ്ഥലമാണിത്.
കാല്‍മുട്ടുവേദന മൂലം പല വിദേശയാത്രകളും റദ്ദാക്കിയ മാര്‍പാപ്പ (85), അനാരോഗ്യം മാറ്റിവച്ചാണ് 6 ദിവസത്തെ പ്രായശ്ചിത്ത തീര്‍ഥാടനത്തിനായി കാനഡയിലെത്തിയത്. നേരത്തേ വത്തിക്കാനില്‍ ക്ഷമാപണം നടത്തിയിരുന്നു. തദ്ദേശീയ ജനത 2014 മുതല്‍ സഭയുടെ ക്ഷമാപണം ആവശ്യപ്പെട്ടു വരികയാണ്.