തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതു തടയാൻ സമൂഹ മാധ്യമ മേധാവികൾ ശ്രദ്ധിക്കണം : മുഖ്യമന്ത്രി

തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടാൽ, അതു തെറ്റാണെന്ന് അറിയിച്ചുകഴിഞ്ഞാൽപ്പോലും പിൻവലിക്കാതിരിക്കുന്നത് ഒട്ടും ഔചിത്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമൂഹ മാധ്യമ മേധാവികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെയെത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന കൂട്ട്് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ കാര്യം പോസ്റ്റ് ചെയ്യപ്പെട്ടാൽ അതു നിർമാർജനം ചെയ്യാത്ത അവസ്ഥ സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ നിരപരാധികൾ വേട്ടയാടപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെയും സംഭവിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആധുനിക സമൂഹ മാധ്യമങ്ങളെല്ലാം ആവശ്യമാണ്. എന്നാൽ തീർത്തും തെറ്റായ കാര്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടാൽ അതു തെറ്റാണെന്ന് അറിയിച്ചുകഴിഞ്ഞാൽപ്പോലും പിൻവലിക്കാതിരിക്കുന്നത് ഔചിത്യമല്ല. അതിന് ഇന്റർപോൾവരെ ഇടപെടണമെന്ന നിലവരുന്നതു ഗുണകരമായ കാര്യമല്ല. ഇക്കാര്യം ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയുടെ അധികാരികൾ ശ്രദ്ധിക്കണം.
കുട്ടികൾ ചതിക്കുഴിയിൽപ്പെടാൻ പാടില്ലെന്ന ഉദ്ദേശ്യത്തോടെ പൊലീസ് ഒരുക്കുന്ന പദ്ധതികളോടു സമൂഹ മാധ്യമങ്ങൾ സഹകരിക്കുന്നതു നല്ലകാര്യമാണ്. എന്നാൽ, തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതുമായ കാര്യങ്ങൾ തെറ്റാണെന്ന് അറിയിച്ചാൽ അതു വീണ്ടുംവീണ്ടും പ്രദർശിപ്പിക്കുന്നത് അതിന് ഇരയാകുന്നവരെ വലിയ ആപത്തിലേക്കു തള്ളിവിടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave Comment