മലയാളം ഉള്‍പ്പെടെയുള്ള ഉള്ളടക്കത്തില്‍ ഫാക്ട്‌ചെക്കിംഗ് വിപുലീകരിച്ച് മെറ്റ

Spread the love

കൊച്ചി: ന്യൂസ്മീറ്ററിനെ പങ്കാളിയാക്കി ഫാക്ട് ചെക്കിംഗ് വിപുലീകരിച്ച് മെറ്റ ഇന്ത്യ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്തുത പരിശോധിക്കുന്ന ഫാക്ട് ചെക്കറാണ് ന്യൂസ് മീറ്റര്‍. ഇതോടെ വസ്തുതാ പരിശോധനക്കായി മെറ്റാ ഇന്ത്യക്ക് 11 പങ്കാളികളായി. വസ്തുതകള്‍ പരിശോധനക്ക് വിധേയമാകുന്നതിനാല്‍ ആളുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനാകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഇതര ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും മെറ്റയുടെ ഫാക്ട് ചെക്കിംഗ് വിപുലീകരിക്കാനാണ് തീരുമാനം.

ആഗോളതലത്തില്‍ 80 ലധികം ഫാക്്‌ചെക്കിംഗ് പങ്കാളികളുള്ള മെറ്റ 60 ലധികം ഭാഷകളിലെ ഉള്ളടക്കം അവലോകനം ചെയ്യുകയും റേറ്റുചെയ്യുകയും ചെയ്യുന്നു. ഇതോടെ മെറ്റയ്ക്ക് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മൂന്നാം കക്ഷി ഫാക്ട് ചെക്കിംഗ് പങ്കാളികളുള്ള രാജ്യമായി ഇന്ത്യ മാറും. കൂടാതെ, കശ്മീരി, ഭോജ്പുരി, ഒറിയ, നേപ്പാളി എന്നീ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ മെറ്റയിലെ ഇന്ത്യന്‍ ഭാഷകള്‍ 11 ല്‍ നിന്ന് 15 ആയി.

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പോരാടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഏറ്റവും വലിയ ആഗോള വസ്തുതാ പരിശോധന ശൃംഖല ഇതിനായി നിര്‍മ്മിച്ചിട്ടുണ്ടെന്നും മെറ്റ ഇന്ത്യയുടെ ഡയറക്ടറും പാര്‍ട്ണര്‍ഷിപ്പ് മേധാവിയുമായ മനീഷ് ചോപ്ര പറഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലുടനീളമുള്ള പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലെ തെറ്റായ വിവരങ്ങള്‍ തടയാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന ചുവടുവയ്പാണ് ന്യൂസ് മീറ്ററുമായുള്ള പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

Report :  ATHIRA.V.AUGUSTINE

Author