ബഫര്‍സോണ്‍ പ്രതിഷേധം ശക്തമാകുന്നു

Spread the love

സര്‍ക്കാരിന്റെ കര്‍ഷകദിനാചരണം ബഹിഷ്‌കരിക്കും;
ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് ഇന്‍ഫാം

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കര്‍ഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാന്‍ കേരളത്തിലെ കര്‍ഷകസമൂഹത്തോടും സംഘടനകളോടും ഇന്‍ഫാം ആഹ്വാനം ചെയ്തു.

ബഫര്‍സോണ്‍, വന്യജീവി അക്രമണം, ഭൂപ്രശ്‌നങ്ങള്‍, വിലത്തകര്‍ച്ച എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ട് മലയോര കാര്‍ഷികമേഖലയും കര്‍ഷകസമൂഹവും തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷക അനീതിക്കും നീതിനിഷേധത്തിനുമെതിരെ എല്ലാ കര്‍ഷകസംഘടനകളും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധ പ്രതികരണങ്ങളുമായി കൈകോര്‍ക്കണമെന്നും ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. വിഴിഞ്ഞത്തെ പുതിയ പോര്‍ട്ട് സൃഷ്ടിക്കുന്ന തീരദേശപ്രശ്‌നങ്ങളിലൂടെ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നവരും കടല്‍ ക്ഷോഭത്തിലൂടെ നിരന്തരം പ്രതിസന്ധി നേരിടുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ അതിജീവന പോരാട്ടത്തിന് ചിങ്ങം ഒന്നിന് ഇന്‍ഫാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. സംസ്ഥാനത്തുടനീളം കരിദിന പ്രതിഷേധ പ്രതികരണ സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതിയില്‍ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തി. ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസഫ് മോനിപ്പള്ളി, ജോസ് എടപ്പാട്ട്, ജോയി തെങ്ങുംകുടി, ഫാ. ജോസ് തറപ്പേല്‍, മാത്യു മാമ്പറമ്പില്‍, ജോസഫ് കാര്യാങ്കല്‍, ഫാ.ജോബി ജോര്‍ജ്. ഫാ.ജോസ് പെണ്ണാപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍, ഗിരി തിരുതാളി, ജിം മാത്യു എന്നിവര്‍ സംസാരിച്ചു.

ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ഉറച്ച നിലപാടില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ല. വിവിധ രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ പണം കടമെടുക്കുമ്പോള്‍ കാര്‍ബ ണ്‍ ഫണ്ടിനുവേണ്ടി മലയോരജനതയെ തീറെഴുതിക്കൊടുക്കുന്ന വന്‍ക്രൂരത കര്‍ഷകര്‍ തിരിച്ചറിയുന്നു. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭം കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ജോസഫ് കാവനാടി
ജനറല്‍ സെക്രട്ടറി
+91 96562 03050

Author