ചിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്റെ ലോഗോയുടെ പ്രകാശന കര്‍മം നടന്നു.
ഫോമാ ലോഗോയില്‍, മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ മുനിസിപ്പാലിറ്റിയായ ‘ബെനിറ്റോ ജുവാറസി’ന്റെ ഔദ്യോഗിക ഷീല്‍ഡിലെ (കോട്ട് ഓഫ് ആംസ് ഓഫ് ദി സിറ്റി) വര്‍ണങ്ങള്‍ പ്രകടമാകുന്ന രീതിയിലാണ് കണ്‍വന്‍ഷന്‍ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മെക്‌സിക്കന്‍-അമേരിക്കന്‍ ചിത്രകാരനായ ജോ വേര രൂപകല്‍പന ചെയ്ത ഷീല്‍ഡില്‍ മൂന്ന് കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ് എന്നിവ. നീല കരീബിയന്‍ കടലിനെയും മഞ്ഞ മണലിനെയും ചുവപ്പ് അസ്തമന സൂര്യന്റെ കിരണങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കാന്‍കൂന്‍ മെക്‌സിക്കന്‍ കരീബിയന്‍’ എന്നും അറിയപ്പെടുന്നു.
നോര്‍ത്ത് അമേരിക്കയ്ക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ കണ്‍വന്‍ഷന്‍ വ്യത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് സംശയമില്ല. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് മെക്‌സിക്കോയിലെ ദിനരാത്രങ്ങള്‍ പുത്തന്‍ അനുഭവമായിരിക്കുമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) തുടങ്ങിയ എക്‌സിക്യൂട്ടീവ് ടീം വ്യക്തമാക്കുന്നു.
സൗത്ത് അമേരിക്കയിലെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം, കണ്‍വന്‍ഷന്‍ നടക്കുന്ന മൂണ്‍ പാലസ് റിസോര്‍ട്ട് സന്ദര്‍ശിച്ചു. ഭക്ഷണത്തിന്റെ നിലവാരവും താമസ സൗകര്യങ്ങളും മറ്റും പരിശോധിച്ച സംഘം തൃപ്തിയോടെയാണ് മടങ്ങിയത്. ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍,മെട്രോ ആര്‍.വി.പി ബിനോയ് തോമസ്തുടങ്ങിയവരാണ്സംഘത്തില്‍ ഉണ്ടായിരുന്നത്. കാന്‍കൂണിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് ഫോമയുടെ ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. വര്‍ണശബളമായ ഈ മലയാളി മാമാങ്കത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളുമെല്ലാം. കാരണം കാന്‍കൂനിലെ സുന്ദരമായ കാലാവസ്ഥയും മോഹിപ്പിക്കുന്ന പ്രകൃതി ഭംഗിയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള അപൂര്‍വ അവസരമാണ് കണ്‍വന്‍ഷന്‍ നല്‍കുന്നത്.