എഴുത്തച്ഛന്‍ ജയന്തി”ആഘോഷിക്കാനും ‘ഭാഷാ ദിനമായി’ ആചരിക്കാനും നടപടി സ്വീകരിക്കണം : എംഎം ഹസ്സന്‍

Spread the love

മലയാള ഭാഷയുടെ പിതാവും, സാമൂഹ്യ നവോത്ഥാനത്തിന്റെ നായകനുമായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം ”എഴുത്തച്ഛന്‍ ജയന്തി”യായി ആഘോഷിക്കാനും അന്നേ ദിവസം ‘ഭാഷാ ദിനമായി’ ആചരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.

തുഞ്ചത്തെഴുത്തച്ഛന്റെ മഹത്തായ സംഭാവനകളെ മലയാളികളെ ഓര്‍മ്മിപ്പിക്കാന്‍ ഒരു അവസരം സൃഷ്ടിക്കേണ്ട കടമ മലയാളിക്കുണ്ട്. എഴുത്തച്ഛന്റെ മഹത്തായ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഭാഷാ പിതാവിന്റെ ജന്മദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും വലുതാണെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി.

എഴുത്തച്ഛന്‍ ജനിച്ച വര്‍ഷം, മാതാപിതാക്കള്‍ എന്നിവയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അദ്ധ്യാപകനായി ജോലി ചെയ്തു കൊണ്ടാണ് എഴുത്തച്ഛന്‍ എന്ന പേരു കിട്ടിയതെന്നാണ് ചരിത്രം പറയുന്നത്. കൊല്ല വര്‍ഷം 661 ല്‍ (അഉ 1485) കര്‍ക്കിടക മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് എഴുത്തച്ഛന്‍ ജനിച്ചതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. 1197 കര്‍ക്കിടക മാസത്തില്‍ അതായത് 2022 ജൂലൈ 30 നാണ് എഴുത്തച്ഛന്റെ 536-ാമത് ജന്മവാര്‍ഷികം. നെയ്യാറ്റിന്‍കരക്കടുത്തുള്ള മണലുവിളയില്‍ തുഞ്ചന്‍ ഗ്രാമത്തില്‍ 2022 ജൂലൈ 30 ന് തുഞ്ചന്‍ ഭക്തി പ്രസ്ഥാന പഠന കേന്ദ്രം എഴുത്തച്ഛന്റെ 536-ാം ജന്മവാര്‍ഷിക ദിനത്തില്‍ ”തുഞ്ചത്തെഴുത്തച്ഛന്‍ ജന്മ നക്ഷത്ര ആയില്യ മഹോത്സവം സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങളില്‍ മറ്റു ജനപ്രതിനിധികള്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നു. ഭാഷാ പിതാവിന്റെ പേരില്‍ മലയാളികളായ നമുക്ക് എഴുത്തച്ഛനെ ഓര്‍മ്മിക്കാനും, ഭാഷാ പിതാവിന്റെ സംഭാവനകളെ മലയാളികളെ ഓര്‍മ്മിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭാഷാ സ്‌നേഹികളും എഴുത്തച്ഛന്റെ പിന്‍തലമുറയില്‍ പെട്ടവരും ചേര്‍ന്നു രൂപീകരിച്ച തുഞ്ചന്‍ ഭക്തി പ്രസ്ഥാന പഠന കേന്ദ്രത്തിന്റെ ആദ്യ സംരംഭം അനുകരണീയമാണെന്നും ഹസ്സന്‍ കത്തില്‍ പറഞ്ഞു.

ഭക്തി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണം ഉള്‍പ്പടെയുള്ള ഭക്തി കാവ്യങ്ങള്‍ രചിച്ചത് സാംസ്‌കാരിക ജീര്‍ണതയില്‍ നിന്നും നാടിനെ മോചിപ്പിക്കാനാണ്. വലിയ സാമൂഹ്യ വിപ്ലവത്തിന് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ കളരിയില്‍ എല്ലാ ജാതിമതസ്ഥര്‍ക്കും പഠിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. അതിനാല്‍ എഴുത്തച്ഛന്‍ ജയന്തി വിപുലമായി ആഘോഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്നും എംഎം ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു.

Author