ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കാമ്പയിന്റെ ഭാഗമായുള്ള വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അവസാനിച്ചു.രുചിയില്‍ മാറ്റം ഒതുക്കാതെ നല്ല ആരോഗ്യം വാഗ്ദാനം ചെയ്യുന്ന ഭക്ഷണം നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഏറ്റവും നല്ല ഭക്ഷണം നല്ല രീതിയില്‍ നല്ല ക്രമത്തില്‍ കഴിക്കണം. അത്തരം ശീലങ്ങളിലേക്ക് ചെറുപ്പത്തില്‍ തന്നെ നാം നീങ്ങണം. മികച്ച ഭക്ഷണത്തോടൊപ്പം വ്യായാമവും അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ അനാരോഗ്യത്തില്‍ നിന്ന് ശരീരത്തിന് സ്വാതന്ത്ര്യം നല്‍കുകയെന്നതും നമ്മുടെ പ്രതിജ്ഞകളില്‍ ഒന്നാകണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എസ്. പ്രശാന്ത്, അസീം, ഇന്ദുബാല, പ്രശാന്ത് കുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment