ദേശീയപാത അവലോകന യോഗം ചേർന്നു.

കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനം 2024 ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ദേശീയപാത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂരാട് പാലം 2023 മാർച്ചിലും അഴിയൂർ- വെങ്ങളം, വെങ്ങളം-രാമനാട്ടുകര റീച്ചുകൾ 2024 ഏപ്രിലിലും പൂർത്തിയാക്കും. പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ കോഴിക്കോടിന്റെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ദേശീയപാത വികസനം 2025 ൽ പൂർത്തീകരിക്കാൻ സാധിക്കും.

2026 ഓടുകൂടി 30000 കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളുടെ 50 ശതമാനം ബിഎം ആൻഡ്‌ ബിസി ആക്കും. റോഡ് പ്രവൃത്തി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കും. കാലാവസ്ഥയനുസരിച്ച് പ്രവൃത്തി തുടങ്ങുന്ന തരത്തിൽ അനുമതി നൽകുന്ന കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയുമായി എല്ലാ നിലയിലും പൊതുമരാമത്ത് വകുപ്പ് സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡുകളിലെ കുഴിയടയ്ക്കാനും നിരന്തരമായ പരിശോധന നടത്താനും ബന്ധപ്പെട്ടവർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതായും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ നിലവിലുള്ള പ്രശ്നങ്ങൾ ജില്ലാ കലക്ടറും ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യും. ദേശീയപാതയിൽ രണ്ടര കിലോമീറ്റർ ഇടവിട്ട് അണ്ടർപാസോ ഓവർ ബ്രിഡ്ജോ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്നും സർവീസ് റോഡിനെ തദ്ദേശ റോഡുമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ മീണ പറഞ്ഞു.

തലശ്ശേരി – മാഹി റീച്ച് 87.40 ശതമാനം പ്രവൃത്തി പൂർത്തിയായി. മൂരാട് റീച്ചിൽ 64.84 ശതമാനവും അഴിയൂർ – വെങ്ങളം റീച്ചിൽ 4.50 ശതമാനവും വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെയുള്ള റീച്ചിൽ 13.32 ശതമാനവുമാണ് പ്രവൃത്തി നടന്നത്.

ഭൂമിയേറ്റെടുക്കൽ ചിലവിൻ്റെ 25 ശതമാനം സംസ്ഥാന സർക്കാർ നിര്‍വ്വഹിച്ചുകൊണ്ടാണ് ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാക്കുന്നത്. 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.
യോഗത്തിൽ എം. എൽ. എമാരായ കാനത്തിൽ ജമീല, കെ. കെ രമ, ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave Comment