സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയിലെ വിതരണ തൊഴിലാളികള്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തി വന്നിരുന്ന സമരം ഒത്തു തീര്‍പ്പായി. ശമ്പള അലവന്‍സ് വിഷയങ്ങളില്‍ നിലനിര്‍ന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തി വന്ന സമരമാണ് അഡീ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാലിന്‍റെ നേതൃത്വത്തില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം പ്രതിവാര ഇന്‍സെന്‍റീവും മഴസമയങ്ങളില്‍ ഇന്‍സെന്‍റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തില്‍ കുറവും വരുത്തുന്നതിന് തീരുമാനമായി.
നാലായിരം രൂപയ്ക്ക് മേല്‍ ഭക്ഷണ വിതരണം നടത്തുമ്പോള്‍ 15 ശതമാനം കമ്മിഷനും 5000ത്തിനുമേല്‍ 25 ശതമാനവും 7500 രൂപയ്ക്ക് മുകളില്‍ ഭക്ഷണവിതരണം നടത്തുമ്പോള്‍ 35 ശതമാനവും വിതരണ തൊഴിലാളികള്‍ക്ക് ഇന്‍സെന്‍റീവായി ലഭിക്കും. മഴയുള്ള സമയങ്ങളില്‍ ലഭിച്ചിരുന്ന ബോണസ് തിരികെ സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.തിരക്കുള്ള സമയങ്ങളില്‍ അത് 25രൂപയും അല്ലാത്ത സമയങ്ങളില്‍ 20രൂപയുമാണ് ലഭിക്കുക. ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനുകളില്‍ യാത്രാദൂര വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം മാനേജ്മെന്‍റിനെ നേരത്തേ അറിയിക്കേണ്ടതാണ്.
ആഴ്ചയിലൊരിക്കല്‍ ടീം ലീഡര്‍ സര്‍വീസ് അനുവദിക്കേണ്ടതാണ്. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് റെസ്റ്റോറന്‍റുകളിലെ കുറഞ്ഞ വെയിറ്റിംഗ് സമയം 15 മിനിട്ടില്‍ നിന്ന് 10 മിനിട്ടാക്കി കുറച്ചു. വിതരണ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കണം. ആഴ്ചയിലെ ആറു ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തി അര്‍ഹമായ വേതനം നല്‍കേണ്ടതാണെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനിച്ചു. ചര്‍ച്ചയില്‍ മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ച് സൊമാറ്റോ കേരള കര്‍ണാടക സ്റ്റേറ്റ് ഹെഡ് ഹിരണ്‍ വി എം, സൊമാറ്റോ സൗത്ത് ഇന്ത്യ റീജ്യണല്‍ ഹെഡ് അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡോ ഷിജു ഖാന്‍, അനൂപ് വി,സുരേഷ് ഡി, ബാലചന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

 

Leave Comment