മത്സ്യത്തൊഴിലാളികളുടെ അതിജീവനമാര്‍ഗം സംരക്ഷിക്കണം : കെ.സുധാകരന്‍ എംപി

Spread the love

മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥകളും അതിജീവനമാര്‍ഗങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അതില്‍ നിന്നും ഒളിച്ചോടുന്നത് ഭൂഷണമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ കൂറെ ആഴ്ചകളായി അവര്‍ സമരമുഖത്താണ്. പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് അവരെ ഒന്ന് കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത്.തീരശോഷണം സംബന്ധിച്ച ആശങ്ക ഗൗരവതരമാണ്. പദ്ധതിയുടെ തുടക്കത്തില്‍ പാരിസ്ഥിതിക അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിച്ചിരുന്നുയെന്നത് വസ്തുതയാണ്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി ഇപ്പോള്‍ ഉയര്‍ന്നുവന്ന ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പഠനം നടത്തുകയും പരിഹാരം കാണുകയും വേണം. ഈ പശ്ചാത്തലത്തില്‍ തീരശോഷണത്തെ കുറിച്ച് പഠിക്കുകയെന്ന പ്രദേശവാസികളുടെ ആവശ്യം ന്യായമാണെന്നും സുധാകരന്‍ പറഞ്ഞു.

തീരദേശവാസികളുടെ ആശങ്കകളും സംശയങ്ങളും പരിഹരിച്ച് കൊണ്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് നാടിന് ആവശ്യം.അത് നീട്ടിക്കൊണ്ടുപോകാതെ സമയബന്ധിതമായി തീര്‍ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം പദ്ധതികള്‍ നാടിനും ജനങ്ങള്‍ക്കും ദോഷം ചെയ്യില്ലെന്ന സത്യസന്ധവും സുതാര്യവുമായി പ്രദേശവാസികളെ ബോധ്യപ്പെടുത്തിവേണം മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷമായി വിഴിഞ്ഞം പ്രദേശത്ത് 336 കുടുംബങ്ങള്‍ സ്‌കൂള്‍കെട്ടിടത്തിന്റെ വരാന്തയിലും ബന്ധു വീടുകളിലും ഗോഡൗണുകളിലുമായി കഴിഞ്ഞ് വരുകയാണ്. കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകരുകയും ഒട്ടേറെ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. പ്രളയകാലത്ത് നമുക്ക് രക്ഷകരായി ഓടിയെത്തിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീരദേശവാസികളുടെ പുനരധിവാസത്തിനും മറ്റുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 432 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു.എന്നാല്‍ ഇതില്‍ ഒരു രൂപപോലും ചെലവാക്കാനോ പദ്ധതി നടപ്പാക്കാനോ കാര്യമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. വിഴിഞ്ഞം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ വിശദമായ പഠന റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയതാണ്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും സുധാകരന്‍ പറഞ്ഞു.

Author