ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ പുതുമയാര്‍ന്ന വി. ബി. എസ് പ്രോഗ്രാം – ജോസ് മാളേയ്ക്കല്‍

Spread the love

ഫിലാഡല്‍ഫിയ: സ്‌കൂള്‍ കുട്ടികള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊറോണാ മഹാമാരിമൂലം രണ്ടുവര്‍ഷങ്ങളായി ഓണ്‍ലൈനായി മാത്രം ക്രമീകരിച്ചിക്കുന്ന വി. ബി. എസ് പ്രോഗ്രാമാണീവര്‍ഷം ക്ലാസ്മുറികളില്‍ നേരിട്ടു നടത്തപ്പെട്ടത്.

കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ എക്‌സ്‌പെഡീഷയ്ക്ക് തികച്ചും അനുചിതമായ രീതിയില്‍ ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെടുത്തുന്ന തരത്തില്‍ ബൈബിളിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട് തികച്ചും നാടകീയമായ രീതിയില്‍ സ്റ്റേജും, ഹാളും സജ്ജമാക്കിയിരുന്നു. സ്റ്റേജും, ഭിത്തികളും വ്യത്യസ്ത രംഗപടങ്ങളാല്‍ സമൃദ്ധമായിരുന്നു. യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മ്മയേകി.

Picture3

മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. പ്രീ കെ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ 19 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു ക്ലാസ് സമയം. ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്‌കിറ്റ്, പവര്‍ പോയിന്റ്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു. ഗ്രേഡ് ലെവല്‍ അനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായിട്ടാണ് ക്ലാസ് നടന്നത്.

ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ആഗസ്റ്റ് 15 ന് അഞ്ചുദിവസം നീണ്ടുനിന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്തു. 70 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി. എസില്‍ പങ്കെടുത്തു. MONUMENTAL – Celebrating God’s Greatnessഎന്നതായിരുന്നു ഈ വര്‍ഷത്തെ തീം. ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്.

ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, കൈക്കാരന്മാര്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യുവജനനേതാക്കളായ കാതറീന്‍ സിമെന്തി, ബ്രിയാന കൊച്ചുമുട്ടം, അലിസാ സിജി എന്നിവരാണൂ ഈ വര്‍ഷത്തെ വി. ബി. എസ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. മതാധ്യാപകരായ ജാസ്മിന്‍ ചാക്കോ, മഞ്ജു സോബി, ജയിന്‍ സന്തോഷ്, റോസ് മേരി, സീനിയേഴ്‌സായ അബിഗെയില്‍ ചാക്കോ, എമിലിന്‍ തോമസ്, മരിയാ എബ്രാഹം എന്നിവരും, ഇടവകയിലെ യുവജനങ്ങളും, കുട്ടികളുടെ മാതാപിതാക്കളും ഭക്ഷണമുള്‍പ്പെടെ പലവിധ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്നു പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയത് മികച്ച സംഘാടനത്തിന്റെ മേന്മയാണ് കാണിക്കുന്നത്.
19 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികളില്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

Author