സമൃദ്ധി നാട്ടുപീടിക തുറന്നു; സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി നിർവഹിച്ചു

Spread the love

32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കും
കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടു പീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്ക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോല്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉല്പന്നങ്ങളുടെ സംസ്കരണം എന്നിവയ്ക്കായി ഈ സാമ്പത്തിക വർഷം 100 കോടി രൂപയാണ് കൃഷി വകുപ്പ് മാറ്റിവച്ചിട്ടുള്ളത്.
ഓരോ കൃഷിഭവൻ പരിധിയിൽ നിന്നും ഒരു മൂല്യവർധിത ഉല്പന്നം വീതമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൃഷി നടത്തുന്നതിനൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനുമുള്ള സംവിധാനങ്ങളും കൃഷിവകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും വേണം.
കൃഷിവകുപ്പിൻ്റെ 50 ശതമാനം ധനസഹായത്തോടെ വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കാണ് ആദ്യ കേന്ദ്രം നടത്തുന്നത്. കെ.എല്‍.ഡി.സിയുടെ ചുമതലയിൽ നിര്‍മാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പു ചുമതല ഹോർട്ടികോർപ്പിനാണ്.

Author