ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ ആഗസ്റ്റ് 7 ന് ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്.
പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.
ഫാ. ലിജോ കൊച്ചുപറമ്പിൽ സന്ദേശം നല്കി. തുടർന്നു വന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്.
നിയുക്ത ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് സീറോ മലബാർ കത്തീഡ്രൽ അസി. വികാരി റവ.ഫാ. ജോബി വെള്ളൂക്കുന്നേൽ വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. അന്നേദിവസം കൂടാരയോഗങ്ങളുടെയും യുവജന മിനിസ്ട്രിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. സേക്രഡ് ഹാർട്ട് ഫൊറോന വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ഓഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് കപ്ലോൻ വാഴ്ചയും,നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും അണിനിരന്ന കലാസന്ധ്യയും അരങ്ങേറി.
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് പോൾസൺ കുളങ്ങര, സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറമ്പിൽ, തോമസ് ഐക്കരപ്പറമ്പിൽ, സാബു നടുവീട്ടിൽ, സിബി കൈതയ്ക്ക തൊട്ടിയിൽ, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ബിനോയി പൂത്തറ, അമൽ കിഴക്കേക്കുറ്റ്, ആൽബിൻ ബിജു പൂത്തറ, ജെറിൻ കിഴക്കേക്കുറ്റ് എന്നിവരാണ്.
15 ാം തീയതി തിങ്കളാഴ്ച മരിച്ചവർക്കു വേണ്ടി തിരുനാൾ ആചരിച്ചു. സിമിത്തേരിയിൽ ഒപ്പീസും മരിച്ച വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. തിരുനാൾ ആഘോഷം സജീവ മാക്കാൻ സഹകരിച്ച എല്ലാ കമ്മറ്റി അംഗങളെയും വികാരി റവ. ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.