ആലുവ: ആദ്യകാല വൈമാനികനും ദേശീയ നേതാക്കന്മാരുടെ പൈലറ്റുമായിരുന്ന തൃശൂര്‍ മണലൂര്‍ കോടങ്കണ്ടത്ത് ടി.എ. കുഞ്ഞിപ്പാലു (93) അന്തരിച്ചു. ആലുവ യുസി കോളജ് ചാക്കോ ഹോംസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയില്‍.
ഭാര്യ: പരേതയായ റൂബി (നോര്‍ത്ത് പറവൂര്‍). മക്കള്‍: ആന്‍ജോ, ജോജോ. മരുമക്കള്‍: മെരീഷ, ജീന. (എല്ലാവരും അമേരിക്ക). മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പരിശീലിപ്പിച്ചതും പൈലറ്റ് ലൈസന്‍സ് നല്കിയതും കുഞ്ഞിപ്പാലു ആയിരുന്നു. 1989ല്‍ എയര്‍ലൈന്‍സില്‍നിന്നു വിരമിച്ചു. ചെന്നൈയില്‍ നിന്ന് ലൈസന്‍സ് എടുത്ത കുഞ്ഞിപ്പാലു സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനായി സഞ്ചരിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനായും വിമാനം പറത്തിയിട്ടുണ്ട്. അന്നു രാജാക്കന്മാരുടെ വിമാനമാണ് ഉപയോഗിച്ചത്. രാജീവ് ഗാന്ധിയുമായുള്ള ബന്ധത്തില്‍ പല നിര്‍ണായക യാത്രകള്‍ക്കും വിമാനം പറത്തി.
ശ്രീലങ്കയില്‍ ഗാര്‍ഡ് ഓണര്‍ സ്വീകരിക്കുന്നതിനിടെ രാജീവ് ഗാന്ധിക്ക് തോക്കിന്റെ പാത്തികൊണ്ട് അടിയേറ്റ സമയത്തും വിമാന പൈലറ്റ് കുഞ്ഞിപ്പാലു ആയിരുന്നു. പതിനെട്ടാം വയസില്‍ വിമാനയാത്രയോട് കന്പം തോന്നി. തുടര്‍ന്ന് ചെന്നൈയില്‍ പോയി പഠിച്ചു. നാട്ടുരാജാക്കന്മാരുടെ വിമാനങ്ങള്‍ ഓടിക്കുന്ന ഫ്രീലാന്‍സ് പൈലറ്റ് ആയി. എയര്‍ ഇന്ത്യയിലും എയര്‍ ലൈന്‍സിലും ചേര്‍ന്നു. വിമാനങ്ങളുടെ ആദികാല രൂപത്തില്‍ വളരെയധികം പിഴവുകള്‍ സംഭവിക്കാമെന്നിരുന്നിട്ടും 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ലെന്ന റിക്കാര്‍ഡും കുഞ്ഞിപ്പാലുവിനുണ്ട്.