വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലം : നസീര്‍ ഹുസൈന്‍ എംപി

Spread the love

നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമാണ് രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതെന്ന് രാജ്യസഭ എംപി നസീര്‍ ഹുസൈന്‍. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.എന്നാല്‍ അതിന് കടകവിരുദ്ധമായ നടപടികളാണ് ഭരണത്തിലെത്തിയ ശേഷം മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും സെപ്റ്റംബര്‍ 4ന് എഐസിസിയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാംലീല മൈതാനത്തില്‍ പതിനായിരങ്ങളെ അണിനിരത്തി ബഹുജനറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന,പാചകവാതക സിലണ്ടറുകളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വില 106 ഡോളര്‍ ആയിരുന്നപ്പോള്‍ പെട്രോളിന് 71 രൂപ ആയിരുന്നു.എന്നാലിന്ന് ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര വിപണയില്‍ കുറഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് പെട്രോളിന് 40 ശതമാനവും ഡീസലിന് 75 ശതമാനവുമാണ് വില വര്‍ധനവുണ്ടായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയ നികുതിയാണ് ഇതിന് പ്രധാനകാരണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 410 രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് 1053 രൂപയാണിന്ന്. ഒരു സിലണ്ടറിന്റെ പുറത്ത് 156 ശതമാനം വിലവര്‍ധനവാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യധാന്യങ്ങളെയും പാല്‍ ഉത്പന്നങ്ങളെയും ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കില്‍ മോദി സര്‍ക്കാര്‍ അവയെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്ന് സാധാരണ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും നസീര്‍ ഹുസൈന്‍ പറഞ്ഞു.

യുവജനങ്ങളെ വഞ്ചിക്കുന്ന നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ 10 ലക്ഷം തൊഴില്‍ ഒഴിവുണ്ടായിട്ടും നിയമന നിരോധനം നടപ്പാക്കുകയാണ്.പതിനായിര കണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ എന്ന സ്വപ്‌നത്തിനും പ്രതീക്ഷയ്ക്കും ഭീഷണിയായി അഗ്നിപഥ് പദ്ധതി നടപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങളെ ഓരോന്നായി മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് വിറ്റുതുലയ്ക്കുകയാണെന്നും നസീര്‍ ഹുസൈന്‍ പറഞ്ഞു.

കെപിസിസി ഭാരവാഹികളായ ടിയു രാധാകൃഷ്ണന്‍,വി.പ്രതാപചന്ദ്രന്‍,ജിഎസ് ബാബു എന്നിവരും കോണ്‍ഗ്രസ് നേതാവ് ആര്‍വി രാജേഷും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

Author