തൊഴില്‍സഭ ലോഗോ പ്രകാശനം ചെയ്തു

Spread the love

സംസ്ഥാനത്തെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍സഭയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉറപ്പാക്കാനാണു തൊഴില്‍ സഭ രൂപീകരിക്കുന്നത്. കെ ഡിസ്‌കും കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴില്‍ സഭകളില്‍ അംഗമാക്കും.
പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച് സഭ രൂപീകരിക്കും. ഒരു സഭയില്‍ പരമാവധി 250 അംഗങ്ങളെ ഉള്‍പ്പെടുത്തും. നിശ്ചിത ഇടവേളകളില്‍ തൊഴില്‍ സഭകള്‍ ചേര്‍ന്ന് അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കുന്നതു വരെ സഭ പ്രവര്‍ത്തിക്കുമെന്നും ലോഗോ പ്രകാശനം ചെയ്തു മന്ത്രി പറഞ്ഞു.

Author