പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള വീക്ഷണം സൃഷ്ടിക്കണം

Spread the love

പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളില്‍ വീക്ഷണം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പോഷണ്‍ അഭിയാന്‍ പോഷണ്‍ മാ 2022 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട കാപ്പില്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യാതെ, സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഇടപെടലുകളാണ് പോഷണ രംഗത്തു നടത്തേണ്ടത്. ഇത് സംബന്ധിച്ച് അടിസ്ഥാനതലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ശരിയായ അവബോധം കുടുംബങ്ങളില്‍ കൊണ്ടുവരാന്‍ സാധിക്കണം. ഭക്ഷ്യധാന്യങ്ങളുടെ അളവുകളെക്കുറിച്ചും പാകം ചെയ്യുന്നതിനെക്കുറിച്ചുമുള്ള അവബോധം സമൂഹത്തില്‍ എല്ലാ വിഭാഗത്തിലും ലഭ്യമാക്കണം. ഇതിനായി മനസിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രവര്‍ത്തനവും നടത്താന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
രാജ്യത്തെ ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുകയാണ് പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടികള്‍ വഴി മേന്മയുള്ള പോഷണത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പോഷണ്‍ മാ നടപ്പാക്കുന്നത്. ജില്ലയിലെ 1389 അംഗനവാടികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.