വള്ളംകളി മത്സരത്തിലെ തുഴച്ചില്‍ക്കാരനാണെങ്കില്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തവണ തുഴയാനാകും? ഇതറിയാന്‍ ഇന്ററാക്ടീവ് ഗെയിമിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുയാണ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി അവതരിപ്പിച്ചിരിക്കുന്ന റോ യുവര്‍ ചുണ്ടന്‍ എന്ന ഗെയിം വരും ദിവസങ്ങളില്‍ ജില്ലയിലെ സ്‌കൂളുകളില്‍ എത്തിക്കും. വള്ളത്തിന്റെ ആകൃതിയിലുള്ള ഇരിപ്പിടത്തില്‍ ഇരുന്ന് തുഴയുന്‌പോള്‍ എത്ര തവണ തുഴയുന്നു എന്നത് മുന്നിലുള്ള സ്‌ക്രീനില്‍ തെളിയും. തുഴയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറിലൂടെയാണ് എണ്ണം കണക്കാക്കുന്നത്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ തുഴയുന്നവര്‍ക്ക് സമ്മാനം ലഭിക്കും.
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ക്ജെന്‍ഷ്യ സോഫ്റ്റ്വെയര്‍ ടെക്നോളജീസിലെ പി.എസ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച ഗെയിം കളക്ടറേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പുറത്തിറക്കി.