പേവിഷബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. പേവിഷനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മൃഗസംരക്ഷണ വകുപ്പ് നിര്‍ബന്ധമാക്കി. ജില്ലയിലെ മുഴുവന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കളുടെ ഉടമകള്‍ സെപ്റ്റംബര്‍ 15നകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്, പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം.
കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന് നല്കിയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന് നല്‍കുന്നതിന് താല്പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജന്തുസ്നേഹികള്‍ വ്യക്തികള്‍ എന്നിവര്‍ അതത് മൃഗാശുപത്രി വെറ്റിനറി സര്‍ജന്മാരുമായോ, പത്തനംതിട്ട ജില്ലാതല ജന്തുരോഗ നിവാരണ പദ്ധതി ഓഫീസുമായോ (ഫോണ്‍: 9447223590, 9400701138, 9447804160) ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു അറിയിച്ചു.