ഭരണകൂട ഭീകരതയില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഭാരത് ജോഡോ യാത്ര ഇന്ധനം പകരും : എംഎം ഹസ്സന്‍

Spread the love

രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനുമെതിരെ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടങ്ങള്‍ക്ക് ഇന്ധനം പകരുന്നതായിരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ വിഭജിക്കുകയാണ്. ബിജെപിയുടെ ഭരണനാളുകളില്‍ രാജ്യത്ത് വളരുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ജനം ഭാവിയെ കുറിച്ച് ആശങ്കപെടുന്നു. ഭരണഘടനയെയും ജനാധിപത്യത്തേയും മൗലികാവകാശങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. മാധ്യമസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. കോടികള്‍ കടമെടുത്തും ഇഷ്ടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തു.

യുവാക്കള്‍ അസഹിഷ്ണുതരാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കി സൈന്യത്തെ പോലും കാവിവത്കരിക്കാനുള്ള നീക്കം മോദി സര്‍ക്കാര്‍ നടത്തുന്നു. ജനാധിപത്യപരമായ ഒരു ചര്‍ച്ചയും പാര്‍ലമെന്റില്‍ നടക്കുന്നില്ല. പ്രതിഷേധിക്കുന്ന പ്രതിപക്ഷനേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന നീക്കങ്ങളും നടപടികളുമാണ് മോദി സര്‍ക്കാരിന്റെത്. ബിജെപി ഇതര സര്‍ക്കാരുകളെ കുതിരക്കച്ചവടത്തിലൂടെ വിലയ്‌ക്കെടുക്കുകയും ജനാധിപത്യത്തെ പരിഹസിക്കുകയുമാണ് മോദി ഭരണകൂടം.

വിമാനത്താവളവും തുറമുഖവും പൊതുമേഖല സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സമ്പത്ത് മോദിയുടെ ചങ്ങാത്ത മുതാളിമാരുടെ കൈകളിലേക്ക് നക്കാപിച്ച വിലയ്ക്ക് വിറ്റുതുലയ്ക്കുകയാണ്. രാജ്യസുരക്ഷപോലും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്ത് വളരുന്ന അരക്ഷിതാവസ്ഥതയ് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികളാണ്. മോദി സര്‍ക്കാരിന്റെ ദുഷ്ഭരണം തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയുടെ മഹത്തായ ഉദ്യമത്തിന് എല്ലാ ജനാധിപത്യമതേതര കക്ഷികളുടെയും പിന്തുണ അനിവാര്യവാണ്. ഭാരത് ജോഡോ പദയാത്ര വിജയിപ്പിക്കുന്നതിനായി യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണ ഉണ്ടാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
————————-

Author