ചിരി മനസ്സിന്റെ മനസ്സ് നിറയ്ക്കുമെങ്കില്‍ രുചി മനുഷ്യന്റെ വയറ് നിറയ്ക്കുന്നു. ചരിത്രത്തിലാദ്യമായി കേരള ഫുഡ് ഫെസ്റ്റിവല്‍ എന്ന പേരില്‍ കേരളത്തിനു വെളിയില്‍ ഒരു മലയാളി കൂട്ടായ്മ നേതൃത്വം കൊടുത്തുകൊണ്ട് ചിക്കാഗോയിലെ അഞ്ച് കാറ്ററിംഗ്കാരെ (റോയല്‍ കാറ്ററിംഗ്, മലബാര്‍ കാറ്ററിംഗ്, കൈരളി
കാറ്ററിംഗ്, കറി ലീവ്സ് കാറ്ററിംഗ്, കലവറ കാറ്ററിംഗ്) ഒരു കുടക്കീഴില് ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് അതിസ്വാദിഷ്ടവും വ്യത്യസ്തവുമായ വിഭവങ്ങള്‍ കോര്‍ത്തിണക്കി നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ എത്തിച്ചത് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ആണ്. വ്യത്യസ്തമായ കാഴ്ചപ്പാടും വ്യത്യസ്തമായ നൂതന പരിപാടികളുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് എന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരു നിറസാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 4ാം തീയതി വൈകിട്ട് 3 മണി മുതല്‍ 8 മണി വരെ ചിക്കാഗോയിലെ ഡെസ്പ്ലെയിന്‍സ് സിറ്റിയിലുള്ള ലെയ്ക്ക് അവന്യൂ വുഡ്വെസ്റ്റ് പാര്‍ക്കില്‍ വച്ചാണ് ഈ ഫുഡ് ഫെസ്റ്റിവല്‍ നടത്തിയത്. വിദേശത്തു നിന്നും, നോര്‍ത്ത് നിന്നും എത്തിയ വടംവലിക്കാരും, അവരോടൊപ്പം വന്ന നൂറുകണക്കിനാളുകളും, ചിക്കാഗോയിലെ നാനാതുറകളിലുള്ള ആളുകളും ഈ ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ഈ പരിപാടി എന്നും ജനഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടി, ജോസ് മണക്കാട്ട്, മനോജ് വഞ്ചിയില്‍, റോയി മുണ്ടയ്ക്കപ്പറമ്പില്‍, ബൈജു ജോസ് പരുമല, സാജന് മേലാണ്ടശ്ശേരിയില്‍, മാത്യു തട്ടാമറ്റം എന്നിവരാണ്. ഇതിന്റെ സ്പോണ്‍സര്‍മാരായി വന്നത് സിബി കൈതക്കത്തൊട്ടിയില്‍, റ്റിറ്റോ കണ്ടാരപ്പള്ളി, സജി മുല്ലപ്പള്ളി, കുഞ്ഞുമോന് തത്തംകുളം, ഷൈബു കിഴക്കേക്കുറ്റ് എന്നിവരാണ്.