ഗാന്ധിജയന്തി വാരാഘോഷം; ലഹരി വിമുക്ത കേരളം പ്രചാരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് പത്തനംതിട്ടയില്‍

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും സ്‌കൂള്‍ തലങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ

പ്രചാരണത്തിന്റെ ഉദ്ഘാടനത്തില്‍ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷം, ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ സംഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി., എന്‍.എസ്.എസ്., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.8.30 ന് റാലി ഗാന്ധിസ്‌ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

 

Leave Comment