കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ഫോമാ അഗാധമായ ദുഃഖം രേഖപ്പെടുത്തി

Spread the love

ന്യു യോർക്ക്: സി.പി.എം. പോളിറ്റ് ബ്യുറോ അംഗവും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ഫോമാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കരുത്തനായ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായത്. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടെങ്കിലും എല്ലാവരുമായും മികച്ച ബന്ധം പുലർത്തിയിരുന്ന അപൂർവ വ്യക്തിത്വമായിരുന്നു ആദ്ദേഹമെന്ന് ഫോമാ പ്രസിഡന്റ് (2022-24) ഡോ. ജേക്കബ് തോമാസ്, സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫോമായുമായും വ്യക്തിപരമായി താനുമായും നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. തീരുമാനങ്ങൾ എടുത്താൽ അതിൽ ഉറച്ചു നിൽക്കാൻ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. ഏറെ വർഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. അമേരിക്ക സന്ദര്ശിച്ചിട്ടുള്ള അദ്ദേഹം ഒട്ടേറെ അമേരിക്കൻ മലയാളികളുമായും നല്ല ബന്ധം പുലർത്തിയിരുന്നു. ഫോമാ സമ്മേളനത്തിന് പോകാൻ പാർട്ടിയുടെ മന്ത്രിമാരും മറ്റും അനുമതി തേടുമ്പോൾ അത് കയ്യോടെ അനുവദിക്കാനും അദ്ദേഹം മഹാമനസ്കത കാട്ടി.

കോടിയേരിയുടെ വേർപാട് കേരളത്തിൽ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വലിയ വിടവ് സൃഷ്ഠിച്ചുവെന്ന് ഓജസ് ജോൺ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതോടൊപ്പം വേർപെട്ട ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.

Author