ദയാബായിയെ കെപിസിസി പ്രസിഡന്‍റ് സന്ദര്‍ശിച്ചു

Spread the love

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ദയാബായി നടത്തുന്നത് ധീരമായപോരാട്ടമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.അനിശ്ചിതകാല നിരാഹാര സമരം പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കടുത്ത അനീതിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് എന്‍‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടതാണ്. എന്നിട്ടും പോലും അധികാരികളുടെ കണ്ണ് തുറക്കുന്നില്ല. കാസര്‍ഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി നല്‍കാന്‍ നിർദേശിച്ച നഷ്ടപരിഹാരം നല്‍കുന്നതില്‍ പോലും സംസ്ഥാന സർക്കാർ അലംഭാവം കാട്ടി.എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാരിന്‍റെത് പുറംതിരിഞ്ഞ നിലപാടാണ്. സര്‍ക്കാരിന്‍റെ അനങ്ങാപ്പാറ നയം തിരുത്താനുള്ള ജനകീയ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവും ദയാബായിയെ സന്ദര്‍ശിക്കാന്‍ കെപിസിസി പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു. ദയബായി നടത്തുന്ന സമരങ്ങള്‍ക്ക് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Author