ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം; വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ത്തു

Spread the love

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ പരാനാ സംസ്ഥാനത്തിലെ സാവോ മതേവൂസ് ഡെ സുള്‍ പട്ടണത്തിലെ സാവോ മതേവൂസ് ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതരായ വ്യക്തികള്‍ ദേവാലയം അലംകോലപ്പെടുത്തുകയും ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുകയുമായിരിന്നു. രൂപങ്ങള്‍ തകര്‍ക്കപ്പെട്ടുവെങ്കിലും തങ്ങളുടെ വിശ്വാസം ഉറച്ചതാണെന്ന് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസ് എമാനോയല്‍ ഡോസ് സാന്റോസ് ഇന്നലെ ഒക്ടോബര്‍ 11-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തെത്തുടര്‍ന്ന്‍ വിവിധ കോണുകളില്‍ നിന്നും ലഭിച്ച പിന്തുണക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു.

യേശുവിന്റെ തിരുഹൃദയം, സ്വര്‍ഗ്ഗാരോപിത മാതാവ് തുടങ്ങിയ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദേവാലയത്തില്‍ നടന്ന അക്രമത്തെ അപലപിച്ചുകൊണ്ട് ഇവാഞ്ചലിക്കല്‍ സമൂഹാംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അവര്‍ ഒരു വാതില്‍ ഒഴികെ മറ്റുള്ള വാതിലുകള്‍ അടച്ച ശേഷമാണ് ദേവാലയത്തില്‍ ഈ അതിക്രമം നടത്തിയതെന്നും അക്രമത്തിന് ശേഷം തുറന്നിട്ട വാതിലൂടെ രക്ഷപ്പെടുകയായിരുന്നെന്നും പറോക്കിയല്‍ വികാര്‍ ഫാ. ഡിയഗോ റൊണാള്‍ഡോ നാകാല്‍സ്കി വെളിപ്പെടുത്തി.

Author