ചൈനയില്‍ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ പടരുന്നു, ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി

Spread the love

ബെയ്ജിങ്: ​ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതോടെ ചൈനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാത്രനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറന്‍റൈനുകളും ലോക്ഡൗണുകളുകളിലൂടെയും കര്‍ശനമായ സീറോ കൊവിഡ് നടപടികള്‍ തുടരുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ചൈന.

ഒമിക്രോണിന്റെ BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തൽ. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപ​വകഭേദമാണ് BF.7.

ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്, ഇംഗ്ലണ്ട് രാജ്യങ്ങളിലാണ് ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത്. ഈ വകഭേദത്തെ കരുതിയിരിക്കണമെന്ന് ​ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. BA.5.1.7 ​ചൈനയുടെ മെയിൻ ലാൻഡിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഒമ്പതിലെ കണക്കു പ്രകാരം 1939 പേർക്കാണ് ചൈനയിൽ പ്രാദേശികമായ പകർച്ചയിലൂടെ കോവിഡ് ബാധിച്ചത്.

ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. കോവിഡിനെ തുരത്താൻ കൂട്ടപരിശോധന, അതിർത്തിയിലെ നിയന്ത്രണങ്ങൾ, ക്വാറന്റീൻ, ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടനയും BF.7 ​കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു

Author